Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി സർവകലാശാലയിലും ഓൺലൈൻ പ്രവേശനപരീക്ഷ; തിരുവനന്തപുരം അടക്കം 18 കേന്ദ്രങ്ങൾ

ന്യൂഡൽഹി∙ ഡൽഹി സർവകലാശാലാ പ്രവേശനത്തിനു പരീക്ഷ, അതും ഓൺലൈനിലൂടെ. ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി എന്നിവയിലേക്കും ഒൻപതു ബിരുദ കോഴ്സുകളിലേക്കും പ്രവേശനം ഓൺലൈനിൽ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാകും.

തിരുവനന്തപുരം ഉൾപ്പെടെ ദേശീയതലത്തിൽ 18 പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാനും ഡൽഹി സർവകലാശാലാ സ്ഥിരം സമിതി തീരുമാനിച്ചു. പ്രവേശന നടപടികൾ 31നു തുടങ്ങും. ഡൽഹി സർവകലാശാലയിൽ പ്രവേശനപരീക്ഷ ആദ്യമാണ്.

ഡൽഹി ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) കുട്ടികൾക്ക് ഓഫ്‍ലൈൻ സൗകര്യവും ലഭ്യമാണ്.

∙ പ്രവേശനപരീക്ഷയുള്ള ബിരുദ കോഴ്സുകൾ: മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്), ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), ബിസിനസ് ഇക്കണോമിക്സ് (ബിഎ), എലിമെന്ററി എജ്യൂക്കേഷൻ (ബിഇഎഡ്), മാസ് കമ്യൂണിക്കേഷൻ (ബിഎ ഓണേഴ്സ്), ഇൻഫർമേഷൻ ടെക്നോളജി (ബിടെക്), ബിഎ (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്), എൽഎൽബി.

∙ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, കൊൽക്കത്ത, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പുർ, ജമ്മു, മുംബൈ, നാഗ്‌പുർ, പട്‌ന, റാഞ്ചി, വാരാണസി.

∙ ഓഫ്‍ലൈൻ സൗകര്യം: ഡൽഹി, ഗുഡ്‌ഗാവ്, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവ ഉൾപ്പെടുന്ന എൻസിആറിൽ.

∙ അപേക്ഷ: ഈ മാസം 31 മുതൽ ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീടു പ്രഖ്യാപിക്കും.