Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിവിപി ഡൽഹി നേതാവിന്റേതു വ്യാജ ബിരുദം; കൂടുതൽ തെളിവുമായി എൻഎസ്‍യുഐ

ankiv-baisoya അങ്കിവ് ബൈസോയ (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ ഡ‍ൽഹി സർവകലാശാല യൂണിയന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്‍റേതു വ്യാജ ബിരുദരേഖയാണെന്ന ആരോപണം ശക്തമാക്കി എൻഎസ്‍യുഐ. അങ്കിവ് ബൈസോയ എന്ന വിദ്യാര്‍ഥി തിരുവള്ളൂർ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കി സർവകലാശാല റജിസ്ട്രാർ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് എൻഎസ്‍യുഐ പുറത്തുവിട്ടു. 

അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അങ്കിവ് പ്രവേശനം നേടിയതെന്ന ആരോപണത്തിൽ ഡൽഹി സർവകലാശാല നേരിട്ടു നടത്തുന്ന അന്വേഷണത്തിന്‍റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുകയാണെന്ന് എബിവിപി പ്രതികരിച്ചു. തിരുവള്ളൂർ സർവകലാശാലയിൽ അങ്കിവ് പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന അധികൃതരുടെ കത്ത് എൻഎസ്‍യുഐ നേരത്തേ പുറത്തുവിട്ടിരുന്നു. ഇതുസംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് വെല്ലൂരിലെ തിരുവള്ളൂർ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പു ചുമതലയുള്ള പി. അശോകൻ നൽകിയ മറുപടിയായിരുന്നു അന്നു പുറത്തുവിട്ടത്. സർക്കാർ തലത്തിൽ നടന്ന കത്തിടപാടിന്‍റെ പകർപ്പു പുറത്തുവിട്ട് ആരോപണത്തിനു കൂടുതൽ കരുത്തു പകർന്നിരിക്കുകയാണ് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടന.

"അങ്കിവ് ബൈസോയ സർവകലാശാലയിലോ അനുബന്ധ കോളജുകളിലോ പഠനത്തിനായി റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ വിദ്യാർഥിയല്ലെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണ്. ഞങ്ങളുടെ സർവകലാശാല നല്‍കിയതല്ല. പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിലെ രേഖകൾ പരിശോധിച്ച ശേഷമാണ് അങ്കിത് ഹാജരാക്കിയ രേഖ വ്യാജമാണെന്നു കണ്ടെത്തിയിട്ടുള്ളത്" – തിരുവള്ളൂർ സർവകലാശാല റജിസ്ട്രാർ കത്തിൽ വ്യക്തമാക്കുന്നു. 

വ്യാജ ബിരുദ ആരോപണത്തില്‍ ഡൽഹി സർവകലാശാല അധികൃതർ പക്ഷപാതപരമായ നിലപാടാണു സ്വീകരിക്കുന്നതെന്നും തട്ടിപ്പു നടത്തി സർവകലാശാലയെയും വിദ്യാർഥികളെയും വഞ്ചിച്ച അങ്കിവിനെ അറസ്റ്റു ചെയ്യണമെന്നും എൻഎസ്‍യുഐ ആവശ്യപ്പെട്ടു.