Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ഷത്തൈ നടേണ്ടെന്ന് എബിവിപി; നടുമെന്ന് എസ്എഫ്ഐ; ഒറ്റയ്ക്കു പോരടിച്ചു വനിതാനേതാവ്

kunnamkulam-vivekananda-college എബിവിപി വിദ്യാർഥികളുടെ പ്രതിഷേധത്തെ നേരിടുന്ന എസ്എഫ്ഐ നേതാവ്. (വിഡിയോ ദൃശ്യം)

തൃശൂർ∙ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ എബിവിപിക്കാരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേർപ്പെടുന്ന വനിതാ നേതാവിന്റെ വ‍ിഡിയോ വൈറൽ ആകുന്നു. എബിവിപിക്കു മുൻതൂക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളജിലാണു സംഭവം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളജ് അങ്കണത്തിൽ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്ഐക്കാരെയാണ് എബിവിപ‍ിക്കാർ തടഞ്ഞത്. എന്നാൽ, എസ്എഫ്ഐ പ്രവർത്തക സരിത എബിവിപിക്കാരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേർപ്പെടുന്നതും ഒടുവിൽ തൈ നട്ടു മടങ്ങുന്നതുമാണു വിഡിയോയുടെ ഉള്ളടക്കം.

വൃക്ഷത്തൈകളുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ തടയുന്ന എബിവിപിക്കാരോടു നിങ്ങൾക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതു വ‍ിഡിയോയിൽ വ്യക്തം. പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം വിദ്യാർഥികൾ ആക്രോശിക്കുന്നുണ്ട്. തൈവയ്ക്കാൻ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈനട്ടിട്ടേ പോകൂ എന്നും പെർമിഷൻ വാങ്ങിയിട്ടുണ്ട് എന്നും സരിത പറയുന്നുണ്ട്.

പെർമിഷനല്ല എന്തു തേങ്ങയായാലും വയ്ക്കേണ്ടെന്നു പറഞ്ഞാൽ വയ്ക്കേണ്ട എന്നും എബി‍വിപി പ്രവർത്തകർ പറയുന്നു. എസ്എഫ്ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നതെന്നാണ് സരിത അവർക്കു നൽകുന്ന മറുപടി. ഒടുവിൽ തൈനട്ട ശേഷമാണ് അവർ മടങ്ങുന്നത്. എന്നാൽ, ഏതു സാഹചര്യത്തിലാണു വൃക്ഷത്തൈ നടൽ തടഞ്ഞതെന്ന എബിവിപിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. വിഡിയോ ദൃശ്യങ്ങൾ ബാബു എം. പാലിശേരി അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.