ജലസംരക്ഷണം: സാങ്കേതിക സമിതികളായെന്നു മന്ത്രി

മലയാള മനോരമയും നബാർഡും ചേർന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി തിരുവനന്തപുരത്തു നടത്തിയ പലതുള്ളി ആശയക്കൂട്ടം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലെ ജലസംരക്ഷണത്തിനു നേതൃത്വം നൽകാൻ സാങ്കേതിക സമിതികൾക്കു രൂപം നൽകിയെന്നു മന്ത്രി മാത്യു ടി.തോമസ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ ഹരിതകേരള മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സമിതികൾ സഹായകമാകുമെന്നും അദ്ദേഹം പറ​ഞ്ഞു. മനോരമയും നബാർഡും ചേർന്നു തദ്ദേശസ്ഥാപന പ്രതിനിധികൾക്കായി നടത്തിയ ആശയക്കൂട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

മികച്ച ജലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾക്കു ജല പുരസ്കാരങ്ങൾ നൽകുന്നതിനു മുന്നോടിയായാണ് ആശയക്കൂട്ടം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ കിണറുകളിലെ ശരാശരി ജലനിരപ്പ് 10 വർഷത്തെ ശരാശരിയിലും താഴെയായി. മഴവെള്ളം മണ്ണിലേക്കിറക്കിയാൽ ജലക്ഷാമം പരിഹരിക്കാനാകും. 1000 ലീറ്റർ ശുദ്ധജലം നാലു രൂപയ്ക്കാണു സർക്കാർ നൽകുന്നത്. ദുർവ്യയം ചെയ്യുന്ന ജലത്തിനു കൂടുതൽ തുക ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡാമുകളിലെ ചെളിയും മണലും നീക്കി കൂടുതൽ ജലം സംഭരിക്കാനുള്ള പദ്ധതിക്കു മംഗലം, ചുള്ളിയാർ ഡാമുകളിൽ തുടക്കമിടും. കുഴൽക്കിണറുകൾ പുനരുപയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.  

നബാർഡ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എംഎൽഎ, മേയർ വി.കെ.പ്രശാന്ത്, ആറ്റിങ്ങൽ നഗരസഭാധ്യക്ഷൻ എം.പ്രദീപ്, നബാർഡ് ഡപ്യൂട്ടി ജനറൽ മാനേജർ ഷാജി സക്കറിയ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ ടെക്നിക്കൽ അഡ്വൈസർ ഡോ. ആർ.അജയകുമാർ വർമ, ടെക്നിക്കൽ ഓഫിസർ ആർ.വി.സതീഷ് എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.