Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിന്തളം പഞ്ചായത്തിനും വടകര നഗരസഭയ്ക്കും മനോരമ– നബാർഡ് പലതുള്ളി ജലപുരസ്കാരം

palathulli-award മനോരമ പലതുളളി– നബാർഡ് സംസ്ഥാന ഗ്രാൻഡ് ഫിനാലെയിൽ ജലപുരസ്കാര ജേതാക്കളായ കാസർകോട് കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, ഉദ്യോഗസ്ഥ പ്രതിനിധി ഗിരീഷ് ബാബു, വടകര നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗിരീശൻ, സെക്രട്ടറി കെ.യു.ബിനി, കൗൺസിലർ പി.അശോകൻ, കോഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ പുരസ്കാരം സമ്മാനിച്ച മന്ത്രി മാത്യു ടി.തോമസിനൊപ്പം. എസ്ബിഐ ജനറൽ മാനേജർ അരവിന്ദ് ഗുപ്ത, റിസർവ് ബാങ്ക് എജിഎം: സി.ജോസഫ്, കനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എൻ.കെ.കൃഷ്ണൻകുട്ടി, മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ എന്നിവർ സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ മലയാള മനോരമയും നബാർഡും സംയുക്തമായി ഏർപ്പെടുത്തിയ പലതുള്ളി ജലപുരസ്കാരം (ഒരുലക്ഷം രൂപ വീതം) കാസർകോട് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിനും കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയ്ക്കും. ജലസംരക്ഷണമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാനായി ഏർപ്പെടുത്തിയ പുരസ്കാര നിർണയത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ 14 ജില്ലകളിലെ വിജയികളായ പഞ്ചായത്തുകളും നഗരസഭകളുമാണു മാറ്റുരച്ചത്. ഗ്രാൻഡ് ഫിനാലെ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. പുരസ്കാരങ്ങൾ മന്ത്രി മാത്യു ടി.തോമസ് സമ്മാനിച്ചു.

മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, മുൻ തദ്ദേശവകുപ്പ് സെക്രട്ടറിയും വാഷ് ഇന്ത്യ മേധാവിയുമായ വി.കെ.ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണു വിധിനിർണയം നടത്തിയത്. തദ്ദേശസ്ഥാപനങ്ങൾ നടത്തിയ ജലസംരക്ഷണപ്രവർത്തനങ്ങളുടെ പ്രയോജനങ്ങളും നിലവാരവും ജനപങ്കാളിത്തവും പുതുമയും പരിഗണിച്ചാണു സംസ്ഥാനതല വിജയികളെ കണ്ടെത്തിയത്. ജില്ലാതല വിജയികൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി മാത്യു ടി.തോമസ് സമ്മാനിച്ചു.

നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, നബാർഡ് ജനറൽ മാനേജർ ഡോ. പി.ശെൽവരാജ് എന്നിവർ പ്രസംഗിച്ചു. 

കേരളത്തെ സമ്പൂർണ കിണർനിറ സംസ്ഥാനമാക്കി മാറ്റും: മന്ത്രി

തിരുവനന്തപുരം∙ കേരളത്തെ സമ്പൂർണ കിണർനിറ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഭൂമിക്കടിയിൽ വെള്ളമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മഴവെള്ളം ഭൂമിയിലാഴ്ത്തി ജലക്ഷാമത്തിനു പരിഹാരം കാണണം. 44 നദികളുള്ള സംസ്ഥാനത്ത് ഓരോ തദ്ദേശഭരണസ്ഥാപനവും അവരവരുടെ പരിധിയിൽ തടയണകൾ ഒരുക്കുകയും ജലം കാത്തുവയ്ക്കുകയും വേണം. നബാർഡും ലോകബാങ്കും ഉൾപ്പെടെ ഏജൻസികൾ നൽകുന്ന തുക ശരിയായി വിനിയോഗിക്കാത്ത തദ്ദേശസ്ഥാപനങ്ങൾക്ക് ഉയർന്ന തുകയുടെ പദ്ധതികൾക്ക് ഇനിമുതൽ അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു. 

ബന്ധാര തടയണകൾ ഈ വർഷം

തിരുവനന്തപുരം∙ പുഴകളിൽ വേനൽക്കാലത്തും വെള്ളം ലഭ്യമാക്കാനായി ഗോവൻ മാതൃകയിലുള്ള ബന്ധാര തടയണകൾ ഈ വർഷം തന്നെ നിർമിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ്. നടപടികൾ അന്തിമഘട്ടത്തിലാണ്. സാധാരണ കൃഷിക്കാർക്കു പോലും പ്രവർത്തിപ്പിക്കാവുന്ന വിധത്തിലായിരിക്കും നിർമാണം. സുലഭമായി ലഭിക്കുന്ന മഴ സുരക്ഷിതമായി കാത്തുവയ്ക്കാനുള്ള ജലസാക്ഷരത കേരളം ഇപ്പോഴും നേടിയിട്ടില്ല. അതേസമയം, പുഴകളുടെ വീണ്ടെടുപ്പിനായി കേരളത്തിലുടനീളം നടക്കുന്ന ശ്രമങ്ങൾ ആശാവഹമാണെന്നും മന്ത്രി പറഞ്ഞു.