കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല ∙ സഹസ്രകലശാഭിഷേകത്തിന്റെ  നിറവിൽ കന്നിമാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കലശം പൂജിച്ച് ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചാണ് അഭിഷേകം ചെയ്തത്. ആയിരങ്ങൾ സഹസ്രകലശാഭിഷേകം കണ്ടു തൊഴുതു. അവധി ദിവസമായതിനാൽ പതിനെട്ടാംപടി കയറാനും ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തിയാണ് നട അടച്ചത്. പമ്പ–നിലയ്ക്കൽ റൂ‌ട്ടിൽ ചെയിൻ സർവീസിന് 35 ബസുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഏറെനേരം കാത്തിരുന്ന ശേഷമാണ് ബസിൽ കയറാൻ കഴിഞ്ഞത്. വിവിധ ഡിപ്പോകളിൽ നിന്നു പമ്പക്കു വന്ന ബസുകളും ഇടയ്ക്ക് ചെയിൻ സർവീസ് നടത്തി. ഇതിനിടെ ബസ് ചാർജ് വർധനയ്ക്കെതിരെയുള്ള സമരങ്ങളും ശക്തമായി തുടരുന്നു.