ഇടനിലക്കാരെ ഒഴിവാക്കുന്നു; എസ്ബിഐ തന്നെ എടിഎം നിറയ്ക്കും

പാലക്കാട് ∙ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ സ്വകാര്യ ഏജൻസികൾ വീഴ്ചവരുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നു മുതൽ എടിഎം കൗണ്ടറുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരിട്ടു പണം നിറയ്ക്കും.

ബ്രാഞ്ചുകളോടു ചേർന്നുള്ള എടിഎമ്മുകളിലും രണ്ടു കിലോമീറ്റർ പരിധിയിലുള്ള എടിഎമ്മുകളിലും ജീവനക്കാർ നേരിട്ടെത്തിയാകും പണം നിറയ്ക്കുക. ഗ്രാമീണമേഖലകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും സ്വകാര്യ ഏജൻസികൾ തുടരും.

എസ്ബിടിയുടെ ലയനത്തിനുശേഷം കൂടുതൽ ജീവനക്കാരെ ലഭിക്കുന്നതോടെ സ്വകാര്യ ഏജൻസികളെ പൂർണമായും ഒഴിവാക്കാനാണു നീക്കം. എടിഎമ്മുകളിൽ നിന്നു പണം ലഭിക്കുന്നില്ലെന്ന് ഇപ്പോഴും ഇടപാടുകാർക്കു പരാതിയുണ്ട്.

കറൻസി ചെസ്റ്റുകളിൽ നിന്ന് അനുവദിക്കുന്ന തുക ഏജൻസികൾ എടിഎം കൗണ്ടറുകളിൽ കൃത്യമായി നിറയ്ക്കുന്നില്ലെന്നു ബാങ്ക്  കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു വീഴ്ച വരുത്തിയ ചില ഏജൻസികളെ എസ്ബിഐ ഒഴിവാക്കുകയും ചെയ്തു.

എസ്ബിടിയുടെ ലയനത്തിന്റെ ഭാഗമായി ഇരു ബാങ്കുകളുടെയും അക്കൗണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡേറ്റാ മെർജർ നടപടികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്ന ഏപ്രിൽ 23നു ശേഷമാകും സ്വകാര്യ ഏജൻസികളെ പൂർണമായും ഒഴിവാക്കാനുള്ള നടപടിയുണ്ടാകുക.