ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്കു കടക്കാൻ വാട്സാപ്

ന്യൂഡൽഹി ∙ വാട്സാപ് ഡിജിറ്റൽ പേയ്മെന്റ് സേവന രംഗത്തേക്കു കടക്കാൻ പദ്ധതി തയാറാക്കുന്നു. ഇന്ത്യയിലാവും സേവനം ആദ്യം തുടങ്ങുക. ഇതിന് നേതൃത്വം നൽകുന്നതിന് സാങ്കേതിക വൈദഗ്ധ്യം ഉള്ളവരെ തേടി വെബ്സൈറ്റിൽ പരസ്യം നൽകി.

ഡിജിറ്റൽ പണം കൈമാറ്റ രംഗത്ത് വാട്സാപ്പിന് ഏതു രീതിയിൽ സഹകരിക്കാനാകുമെന്ന് വാട്സാപ് സഹ സ്ഥാപകൻ ബ്രയാൻ ആക്ടൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദുമായി ഫെബ്രുവരിയിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.

വാട്സാപ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിലാണ്. 100 കോടി ഉപയോക്താക്കളിൽ 20 കോടിയും ഇന്ത്യയിലാണ്. ഇതു കണക്കിലെടുത്താണ് ഡിജിറ്റൽ പേയ്മെന്റ് സേവനം ഇന്ത്യയിൽ തുടങ്ങാൻ ആലോചിക്കുന്നത്. വാട്സാപ് ഉപയോക്താക്കളുടെ അഭിപ്രായം തേടാനും കമ്പനി ശ്രമം തുടങ്ങി.