Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്‌സാപ്പില്‍ ഇനി ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഫോര്‍വേഡ് പറ്റില്ല

INDIA-WHATSAPP/

ന്യൂഡല്‍ഹി∙ വാട്‌സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെയുളളവ വ്യാപിക്കുന്നതിന് വാട്സാപ് സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും  വ്യാജവാർത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ വാട്സാപിനോട് രണ്ടാമതും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച നൽകിയ രണ്ടാമത്തെ കത്തിനെത്തുടർന്നാണ് നടപടിയെന്നാണ് സൂചന. 

Read: വാട്സാപ്പുകാർ അറിയണം ഈ 10 കാര്യങ്ങൾ

ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്‌സ് ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ഉപയോക്താക്കളാണ് ലോകത്തു മറ്റേതു രാജ്യത്തുള്ളതിനേക്കാളും മെസേജുകളും ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യുന്നതെന്ന് വാട്‌സാപ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പരക്കുന്നത് തടയാൻ അവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെയ്സ്‌ബുക്കും വ്യക്തമാക്കിയിരുന്നു.

വാട്‌സാപില്‍ പരക്കുന്ന വ്യാജസന്ദേശങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് കമ്പനി അധികൃതരെ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കാഴ്ചക്കാരായി നോക്കിനിന്നാല്‍ കമ്പനിയും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയതാണ് അടിയന്തര നടപടിക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.