ചില്ലർ ടീമിന്റെ ഹൃദയം ‌സ്മാർട് കാർഡ്

ഫൈറുസ് റഹിം, ശ്രീരേഖ രവീന്ദ്രനാഥൻ, ആസിഫ് ബഷീർ, പി.എം. ഹരികൃഷ്ണൻ.

കൊച്ചി ∙ കൈനിറയെ കാശും കൊടുത്തു പിള്ളേരെ പള്ളിക്കൂടത്തിൽ വിട്ടാൽ എന്തു സംഭവിക്കും. ഉത്തരം: എന്തും സംഭവിക്കും! കുട്ടികൾ പണം ദുരുപയോഗം ചെയ്യാതിരിക്കാൻ എന്താണു വഴിയെന്നു ചിന്തിച്ചത് ആസിഫ് ബഷീറും സംഘവുമാണ്. ചില്ലർ പേയ്മെന്റ് സൊലൂഷൻസ് എന്ന അവരുടെ സ്റ്റാർട്ടപ് കമ്പനി പുതിയൊരു ആപ്പിനും സ്മാർട് കാർഡിനും ജന്മം നൽകി; ക്യാംപസ് വോലറ്റ്.

രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം തിരഞ്ഞെടുത്ത ‘എമേർജ് 50’ ഐടി ഉൽപന്നങ്ങളിൽ ഇടം നേടാൻ കഴിഞ്ഞ ക്യാംപസ് വോലറ്റ് 10കെ സ്റ്റാർട്ടപ് മിഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആസിഫാണു ചില്ലറിന്റെ എംഡി. ശ്രീരേഖ രവീന്ദ്രനാഥൻ, ഫൈറുസ് റഹിം, പി.എം. ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാരും.

∙ സ്മാർട്ടാകാൻ കാർഡുകൾ

2014ൽ പ്രവർത്തനം തുടങ്ങിയ ചില്ലറിന്റെ ആദ്യ ഉൽപന്നം ‘ചില്ലർ ട്രാൻസിറ്റ്’ എന്ന പേരിലെത്തിയ സ്മാർട് കാർഡാണ്. നേരിട്ടു കാശു കൊടുക്കാതെ, ചില്ലറ തപ്പിനടക്കാതെ ബസുകളിൽ കാർഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം. നോട്ട് റദ്ദാക്കലിനു മുൻപുള്ള കാലത്തു പക്ഷേ, കാർഡ് വഴി ടിക്കറ്റ് സംവിധാനം ക്ലച്ച് പിടിക്കാൻ എളുപ്പമായിരുന്നില്ല.

പക്ഷേ, നോട്ട് നിരോധന പൂർവകാലത്തെ സ്ഥിതി അതല്ല. എല്ലാമെല്ലാം ‍ഡിജിറ്റലാകുന്നതിനാൽ ചില്ലർ ട്രാൻസിറ്റും പുതിയ സാധ്യതകൾ തേടുകയാണ്. കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ സ്മാർട് കാർഡ് നടപ്പാക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാനൊരുങ്ങുകയാണു ചില്ലർ.

∙ പിള്ളേരുടെ പഴ്സിൽ ‘കണ്ണ്’ വയ്ക്കാൻ

വിദ്യാർഥികൾക്കായി ചിപ് ഘടിപ്പിച്ച ഐഡി കം സ്മാർട് കാർഡ്, രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കുമായി അനുബന്ധ ആപ്പും സോഫ്റ്റ്‌‌വെയറും എന്നിവ ഉൾപ്പെട്ടതാണ് ക്യാംപസ് വോലറ്റ്.

സംഭവം സിംപിളാണെന്ന് ആസിഫ് ബഷീർ. ക്യാംപസിൽ മാത്രമേ കാർഡ് ഉപയോഗിക്കാൻ കഴിയൂ. കന്റീൻ, ഡിപ്പാർട്മെന്റ് സ്റ്റോർ എന്നിവിടങ്ങളിലൊക്കെ കാർഡ് നൽകി സാധനങ്ങൾ വാങ്ങാം. അവിടങ്ങളിൽ പോയിന്റ് ഓഫ് സെയിൽ മെഷീൻ ഉണ്ടാകും. കുട്ടികളുടെ ചെലവു വിവരങ്ങൾ രക്ഷിതാവിന്റെ ഫോണിലെ ആപ്പിൽ ലഭിക്കും.

കാർഡിൽ പണം നിറയ്ക്കേണ്ടതും രക്ഷിതാവു തന്നെ. ഡിജിറ്റൽ പഴ്സ് എന്നതിനപ്പുറം, രക്ഷിതാവിനു സ്കൂൾ അധികൃതരുമായി ആശയവിനിമയം നടത്താം. കുട്ടിക്ക് അവധി വേണമെങ്കിൽ ആപ് വഴി അപേക്ഷ നൽകാം. സ്കൂൾ അധികൃതർക്കു പൊതു അറിയിപ്പുകൾ രക്ഷിതാക്കളെ അറിയിക്കാൻ ഇതേ സൗകര്യം ഉപയോഗിക്കാം.

ചിപ് ഘടിപ്പിച്ച കാർഡ് ആയതിനാൽ വിദ്യാലയഗേറ്റിൽ സുരക്ഷാ തിരിച്ചറിയലിനും ഉപയോഗിക്കാം. ഫീസ് അടയ്ക്കാനും അറ്റൻഡൻസ് രേഖപ്പെടുത്താനുമൊക്കെ ക്യാംപസ് വോലറ്റ് ഉപയോഗിക്കാമെന്ന് ആസിഫ് പറയുന്നു.

∙ ടിപ് ബൈ ആസിഫ്

സ്റ്റാർട്ടപ് തുടങ്ങുന്നതിനു മുൻപേ പ്രസ്തുത മേഖലയിൽ അൽപം അനുഭവപരിചയം നേടുന്നത് ഏറെ ഗുണകരമാകും.