Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ നന്നാക്കാൻ ‘മൊബൈൽ’ സർവീസ് സെന്റർ

mobile

മൊബൈൽ കേടായോ, എങ്കിൽ ഇനി സർവീസ് സെന്ററുകൾ തോറും അലഞ്ഞു നടക്കേണ്ട. മൊബൈൽ സർവീസ് സെന്ററുകൾ നിങ്ങളുടെ വീട്ടിലെത്തും. വീടു നഗരഹൃദയത്തിലാകണമെന്നു പോലുമില്ല, ഗ്രാമീണ മേഖലയിലേക്കു പോലും സർവീസ് വണ്ടി ഓടിയെത്തും, കൂടെ നന്നായി സംസാരിക്കുന്ന, പണിയറിയാവുന്ന കമ്പനി സ്റ്റാഫും എൻജിനീയറും. പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് ഉപയോക്താവിനെ സംതൃപ്തരാക്കി കമ്പനി ഈ സർവീസ് വണ്ടികൾ മടങ്ങും. എല്ലാവരും ഹാപ്പി

മൊബൈൽ കമ്പനികൾ ചൈനയുടെ വളക്കൂറുള്ള മണ്ണിൽ കൂണുപോലെ മുളയ്ക്കുകയും പേരും നാളും നോക്കാതെ ഇന്ത്യൻ വിപണികൾ പക്ഷഭേദമില്ലാതെ ഇവയെ സ്വീകരിക്കുകയും ചെയ്തതോടെയാണ് കമ്പനികൾ വീണ്ടും ജനകീയമാകാനുള്ള തീരുമാനവുമായി ഗ്രാമങ്ങളിലേക്കിറങ്ങുന്നത്. കസ്റ്റമർ സർവീസ് വണ്ടികളുമായി ആദ്യം കാടും മലയും കയറിയിറങ്ങുന്നതു സാക്ഷാൽ സാംസങ് തന്നെയാണ്. നഷ്ടപ്രതാപം വീണ്ടെടുക്കുകയാണു ലക്ഷ്യം. മികച്ച വിൽപനാനന്തര സേവനത്തിലൂടെ ചൈനീസ് കമ്പനികൾ ഏൽപിച്ച ക്ഷീണം മറികടക്കണം. ഡിജിറ്റൽ വിപ്ലവത്തിന്റെ അലയൊലികൾ ഇപ്പോൾ കൂടുതലും ഗ്രാമീണ മേഖലയിലാണല്ലോ. സർവീസ് മാത്രമല്ല, വിൽപനയും ലക്ഷ്യത്തിലുണ്ട്.

സാംസങിന്റെ സർവീസ് വാനുകൾ

21 വർഷങ്ങൾക്കു മുൻപാണ് സാംസങ് ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. നിർമാണ പ്ലാന്റിനൊപ്പം ഗവേഷണ വിഭാഗവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വിശ്വാസമർപ്പിക്കപ്പെട്ട പേരുകളിലൊന്നായി വർഷങ്ങൾക്കുള്ളിൽ സാംസങ് മാറി. മൊബൈൽ ഫോൺ വിപണിയിൽ നേക്കിയ യുഗം അവസാനിക്കുന്നത് സാംസങ്ങിനു വാതിൽ തുറന്നുകൊടുത്തുകൊണ്ടായിരുന്നു. എന്നാൽ  കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളുമായി ചൈനീസ് ഫോണുകൾ വിപണിയിലെത്തിയതോടെ സാംസങ്ങിന്റെ തിളക്കം മങ്ങി. ലെനോവോ, ഓപ്പോ, വിവോ തുടങ്ങി ഒട്ടേറെ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ വ്യക്തമായ പ്രാതിനിധ്യം ലഭിച്ചു. മൊബൈൽ ഫോണിനു വേണ്ടി കൂടുതൽ പണം മുടക്കാൻ തയാറായ കുറച്ചുപേർ ആപ്പിളിലേക്കു വഴിതിരിഞ്ഞു. ഇതിനിടെ നോക്കിയ വീണ്ടും തിരിച്ചെത്തുകയും ചെയ്തു. അങ്ങനെ മത്സരം വീണ്ടും കടുത്തു.

മൊബൈൽ കമ്പനികളുടെ എണ്ണം കൂടിയെങ്കിലും വിൽപനാനന്തര സേവനങ്ങളിൽ ഉപയോക്താക്കൾ അത്ര സംതൃപ്തരായിരുന്നില്ല. വീട്ടു പടിക്കലെത്തി മികച്ച സേവനം നൽകി, ഉപയോക്താക്കളെ കമ്പനിയോടടുപ്പിക്കാനാണു സാംസങ്ങിന്റെ പുതിയ പദ്ധതി. 535 വാനുകളാണ് സാംസങ്ങിന്റെ മൊബൈൽ സർവീസ് സെന്ററുകളായി ഇപ്പോൾ നിരത്തിലുള്ളത്. ഇതിനോടകം ഗ്രാമീണ ഇന്ത്യയിലൂടെ 20 ലക്ഷം കിലോമീറ്ററുകൾ ഈ സർവീസ് വാനുകൾ ഓടിക്കഴിഞ്ഞു. 80,000 ഉപയോക്താക്കളുടെ പരാതികൾ ഇതുവരെ പരിഹരിച്ചു.

മേഘാലയയുടെ കുന്നിൻ പ്രദേശങ്ങളിൽ ഒരു ഉപയോക്താവിനായി 255 കിലോമീറ്റർ വരെ സ‍ഞ്ചരിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നു പരാതിയുമായി വിളിച്ചാലും നാലു ദിവസത്തിനുള്ളിൽ സർവീസ് വാഹനം വീട്ടിലെത്തിക്കും. മികച്ച എൻജിനീയറുടെ സേവനവും കമ്പനി ഉറപ്പു നൽകുന്നുണ്ട്. സർവീസ് വാനുകൾക്കൊപ്പം രാജ്യത്താകെയുള്ള സർവീസ് പോയിന്റുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട് സാംസങ്.

∙ പിങ്കി ബേബി