Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാര്‍ട്സിറ്റിക്കെതിരായ ഉത്തരവു റദ്ദാക്കി

smart-city

കൊച്ചി ∙ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായ സിനർജി പ്രോപ്പർട്ടി ഡവലപ്മെന്റ് സർവീസസുമായുള്ള നിയമ പോരാട്ടത്തിൽ സ്മാർട് സിറ്റി കൊച്ചി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് അനുകൂലമായി ന്യൂഡൽഹിയിലെ നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ വിധി. സിനർജിക്കു സ്മാർട് സിറ്റി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ചെന്നൈ ബെഞ്ചിന്റെ ഉത്തരവു റദ്ദാക്കി.

അനുകൂല വിധി വന്നതോടെ, സ്മാർട് സിറ്റിക്കു ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികളുമായി മുന്നോട്ടുപോകാനാകും. ചെന്നൈ ബെഞ്ചിന്റെ പ്രതികൂല വിധി നിലനിന്നതിനാൽ സ്മാർട് സിറ്റി പ്രവർത്തനങ്ങളുടെ താളം തെറ്റിയിരുന്നു.
സ്മാർട് സിറ്റി പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് ആയിരുന്ന സിനർജി പ്രോപ്പർട്ടി ഡവലപ്മെന്റ് സർവീസസുമായുള്ള സാമ്പത്തിക തർക്കങ്ങളാണു നിയമപോരാട്ടത്തിനു വഴിവച്ചത്. കൺസൽറ്റൻസി ഫീസ് കുടിശിക വരുത്തിയെന്നു പരാതിപ്പെട്ട് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ സിനർജി സമീപിക്കുകയായിരുന്നു.

ഉത്തരവിനെതിരെ സ്മാർട് സിറ്റി ന്യൂഡൽഹിയിലെ ദേശീയ ട്രൈബ്യൂണലിനെ സമീപിച്ചു. സിനർജിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു വളരെ മുൻപു തന്നെ തങ്ങൾ നൽകിയ നോട്ടിസുകൾ ഉൾപ്പെടെയുള്ള രേഖകൾ സ്മാർട് സിറ്റി സമർപ്പിച്ചു. സിനർജിയുടെ കാര്യക്ഷമതയില്ലായ്മ മൂലം നിർമാണം വൈകിയെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും കത്തുകളിൽ സ്മാർട് സിറ്റി അധികൃതർ ആരോപിച്ചിരുന്നു.