Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസ് ആകണം കേരളം: രാഷ്ട്രപതി

president തിരുവനന്തപുരത്ത് ടെക്നോസിറ്റി പദ്ധതിയുടെ തറക്കല്ലിടൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.ദിവാകരൻ എംഎൽഎ, എ.സമ്പത്ത് എംപി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം തുടങ്ങിയവർ സമീപം.

തിരുവനന്തപുരം∙ ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസ് ആകാൻ ശേഷിയുള്ള സംസ്ഥാനമാണു കേരളമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ ഭാവി സാമ്പത്തികസ്ഥിതിയും തൊഴിലവസരങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തെ ആശ്രയിച്ചാകുമെന്നും ഈ മേഖലയിൽ കേരളത്തിനു വലിയ സംഭാവന ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാർക്കിന്റെ നാലാംഘട്ടമായി നിർമിക്കുന്ന ടെക്നോസിറ്റിയിലെ ആദ്യ സർക്കാർ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സാന്ദ്രതയും ഇന്റർനെറ്റ് കണക്ടിവിറ്റിയുമുള്ളതാണു കേരളം. 20 ലക്ഷം പേർക്കു സൗജന്യ ഇന്റർനെറ്റ് നൽകുന്ന സംസ്ഥാന പദ്ധതി മാതൃകാപരമാണ്. താഴെത്തട്ടിലുള്ളവർക്കും പുതിയ സാങ്കേതികവിദ്യകളുടെ സേവനം ഇതിലൂടെ ലഭിക്കും. ഐടി രംഗത്തു കേരളം അതിവേഗം വളരുകയാണ്. ഐടി കയറ്റുമതിയിൽ എട്ടാം സ്ഥാനത്തുള്ള കേരളം ഒരു ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്. ടെക്നോസിറ്റി ഈ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിക്കും.

ഗവർണർ ജസ്റ്റിസ് പി.സദാശിവം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.സമ്പത്ത് എംപി, സി.ദിവാകരൻ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം, ഐടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർ പ്രസംഗിച്ചു.

ഏതു രംഗത്തെയും വികസനത്തിൽ രാജ്യത്തിനുതന്നെ മാതൃകയാകാൻ കഴിയുന്ന സംസ്ഥാനമാണു കേരളമെന്നു പൗര സ്വീകരണത്തിലും രാഷ്ട്രപതി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മലയാളിയുടെ സന്മനസ്സ് മിക്ക രംഗങ്ങളിലെയും വളർച്ചയ്ക്കായി മറ്റു സംസ്ഥാനങ്ങളും പ്രതീക്ഷിക്കുന്നു. എല്ലാ മതസ്ഥർക്കും സ്വതന്ത്രമായി ജീവിക്കാനും പ്രവർത്തിക്കാനുമുള്ള ഇടം നൽകുന്ന കേരളം ഇതര സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

കെട്ടിട നിർമാണം 2 വർഷത്തിനുള്ളിൽ തീർക്കും: മുഖ്യമന്ത്രി

ടെക്നോസിറ്റിയിൽ സർക്കാർ നിർമിക്കുന്ന രണ്ടു ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 300 ഏക്കറിലെ ടെക്നോസിറ്റിയും 100 ഏക്കറിലെ നോളജ് സിറ്റിയും യാഥാർഥ്യമാകുമ്പോൾ ഒരു ലക്ഷം പേർക്കു തൊഴിൽ ലഭിക്കും. ടെക്നോസിറ്റിക്കുവേണ്ടി സ്ഥലം വിട്ടുനൽകിയവർക്കുള്ള അധിക നഷ്ടപരിഹാരം മാർച്ചിനുള്ളിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.