Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് സിറ്റി: പുതിയ പദ്ധതികൾ, പ്രത്യേക ഉപദേശക സമിതികൾ

city-sketch

ഭോപാൽ ∙ രാജ്യത്തെ സ്മാർട് സിറ്റികളെ കൂടുതൽ വൈവിധ്യമുള്ളതാക്കാൻ നഗരകാര്യ മന്ത്രാലയം ഉപദേശക സമിതികളെ നിയോഗിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലായി ഒൻപത് ഉപദേശക സമിതികൾക്കു രൂപംനൽകിയതായി ഭോപാലിൽ നടക്കുന്ന സ്മാർട് സിറ്റി സിഇഒമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

സംരംഭകത്വം, സ്ത്രീശാക്തീകരണം, സുരക്ഷ, വിദ്യാഭ്യാസ–തൊഴിൽ നൈപുണ്യം, മാലിന്യനിർമാർജനം, കല–സംസ്കാരം, കാലാവസ്ഥാ വ്യതിയാനം, സൗഹൃദനഗരം, പൊതു ഇടങ്ങൾക്ക് കലാഭംഗി എന്നീ മേഖലകളിലാണ് ഉപദേശക സമിതികളെ നിയോഗിക്കുക.

രണ്ടു മാസത്തിനുള്ളിൽ രാജ്യത്തെ സ്മാർട് സിറ്റികളിൽ 20,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്. ടെൻഡർ നടപടികളിലുള്ള 400 പദ്ധതികൾക്കായി നീക്കിവച്ച തുകയാണിത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 30,000 കോടി രൂപ ചെലവിട്ടുവെന്നും സ്മാർട് സിറ്റി മിഷൻ അറിയിച്ചു. ചെറുകിട നഗരങ്ങളിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതികൾക്കും മികച്ച പ്രതികരണം ലഭിച്ചെന്നാണു വിലയിരുത്തൽ. യോഗം ഇന്നും തുടരും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഉദ്യോഗസ്ഥ പ്രമുഖരും ഇന്നലെ പങ്കെടുത്തു.