Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ടാവാൻ പാടുപെട്ട് സ്മാർട് സിറ്റി പദ്ധതി

kochi-smart-city

പത്തനംതിട്ട∙ കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ‘സ്മാർട് സിറ്റി’ സ്മാർട് ആകാൻ പാടുപെടുന്നുവെന്ന് കണക്കുകൾ. 99 നഗരങ്ങൾക്കായി 2.03 ലക്ഷം കോടി രൂപയുടെ പദ്ധതിയാണു 2015 ജൂണിൽ പ്രഖ്യാപിച്ചത്. അഞ്ചുവർഷം കൊണ്ട് ഈ നഗരങ്ങളിൽ 4500 വികസന പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി മൂന്നുവർഷം പിന്നിടുമ്പോൾ വേഗം പോരെന്നാണു വിലയിരുത്തൽ. സ്മാർട് സിറ്റി പദ്ധതിക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയത് ഇതുവരെ 10,459 കോടി രൂപ മാത്രമാണെന്നു വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ കേന്ദ്ര ഭവന–നഗരകാര്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്കാണു കേന്ദ്രത്തെ കുഴക്കുന്നത്. ഓരോ നഗരത്തിനും 500 കോടി രൂപ കേന്ദ്രവും അത്രയും തുക അതതു സംസ്ഥാനങ്ങളുമാണു ചെലവിടേണ്ടത്. ഓരോ ഘട്ടവും പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ അടുത്തഘട്ടം പണം അനുവദിക്കൂ. ആദ്യം പദ്ധതിയിൽ ഇടംപിടിച്ച കൊച്ചിക്ക് 196 കോടിയും നാലാം ഘട്ടത്തിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് 18 കോടിയും ഉൾപ്പെടെ കേരളത്തിന് 214 കോടിയാണ് ആദ്യഘട്ടമായി കിട്ടിയത്. കൊച്ചിക്ക് ലഭിച്ച 196 കോടി രൂപ‍ ഇനിയും ചെലവഴിച്ചിട്ടില്ല. 12 നഗരങ്ങൾ ഉൾപ്പെട്ട തമിഴ്നാടിന് ഇതുവരെ 920 കോടി കിട്ടി. ആറു നഗരങ്ങൾ ഉൾപ്പെട്ട കർണാടകയ്ക്ക് 836 കോടിയും. മഹാരാഷ്ട്രയ്ക്ക് ഇതുവരെ 1396 കോടി ലഭിച്ചു.