സ്റ്റാർട്ടപ്പുകളിൽ സർക്കാർ നിക്ഷേപം


തിരുവനന്തപുരം∙ പിച്ചവച്ചു തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്കു സർക്കാരിന്റെ കൈത്താങ്ങ്. വൻകിടനിക്ഷേപങ്ങൾ ആകർഷിക്കാനായി സർക്കാർ തന്നെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുമെന്നു സൂചന. ആദ്യമായാണു സർക്കാർ സഹനിക്ഷേപക സ്ഥാനത്തെത്തുന്നത്. ഇതുസംബന്ധിച്ച നിർദേശം ചീഫ് സെക്രട്ടറിയടങ്ങിയ സംഘം ഉടൻ പരിശോധിക്കും. കേരളത്തിനു പുറത്തു സംരംഭങ്ങൾക്കു കൂടുതൽ വിശ്വാസ്യത നൽകാനാണു സർക്കാർ ഇടപെടൽ. ഏഞ്ചൽ നിക്ഷേപകരുടെ സംഘങ്ങളെയാണു സർക്കാർ നോട്ടമിടുന്നത്.

കമ്പനിയുടെ വിപണിമൂല്യം അനുസരിച്ചായിരിക്കും 15 മുതൽ 18 ശതമാനം വരെ നിക്ഷേപം നടത്തുക. ഐടി സെക്രട്ടറി എം.ശിവശങ്കർ, സ്റ്റാർട്ടപ് മിഷൻ സിഇഒ: സജി ഗോപിനാഥ് എന്നിവർ കെഎസ്ഐഡിസി, ജിടെക്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ പ്രതിനിധികളുമായും നിക്ഷേപകരുമായും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വെഞ്ച്വർ ക്യാപ്പിറ്റൽ 3 മാസത്തിനുള്ളിൽ

വലിയ തുക നിക്ഷേപിക്കുന്നതിലെ റിസ്ക് ഒഴിവാക്കാനായി യുണീക്കോൺ, സീ ഫണ്ട് തുടങ്ങിയ വൻകിട വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്ന 'ഫണ്ട് ഓഫ് ഫണ്ട്സ്' രീതിയാണു സ്റ്റാർട്ടപ് മിഷൻ ഇപ്പോൾ പിന്തുടരുന്നത്. സർക്കാർ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനി കേരളത്തിൽ നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ.

നിലവിൽ, യുണീക്കോണിൽ 10 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ സീ ഫണ്ടുമായും കരാർ ഒപ്പിട്ടു. 500 കോടി രൂപ ഇത്തരത്തിൽ കണ്ടെത്തുകയാണു ലക്ഷ്യം. മൂന്നു മാസത്തിനുള്ളിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് എത്തിത്തുടങ്ങുമെന്നാണു സൂചന.