Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ ഇടപാടുകളിൽ പണ നഷ്ടം തടയാൻ

INDIA-ECONOMY-BANKING-DIGITAL

ഡൽഹിയിൽ പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് അത്യാവശ്യമായി ഇലക്‌ട്രോണിക് സംവിധാനം വഴി നാട്ടിലുള്ള ബാങ്കിൽനിന്നു കുറച്ചു പണം അയച്ചു. അക്കൗണ്ടിൽ സമയത്തിനു ക്രെഡിറ്റ് കിട്ടിയില്ല. പിറ്റേ ദിവസം, നാട്ടിലെ അക്കൗണ്ടിലേക്കുതന്നെ പണം തിരികെ ലഭിച്ചെങ്കിലും മകളുടെ ആവശ്യം നടന്നില്ല. ഇലക്‌ട്രോണിക്കായി പണം കൈമാറ്റം ചെയ്യുമ്പോൾ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?

ഡിജിറ്റൽ ഇടപാടുകൾ സാർവത്രികമായതോടെ പണം കൈമാറ്റത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഇലക്‌ട്രോണിക് പണംകൈമാറ്റ സംവിധാനങ്ങളിലൂടെയാണ്. പണം അയയ്ക്കുന്നവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്താൽ ഇടപാടുകൾ പൂർത്തീകരിക്കും. വിവരങ്ങൾ സാങ്കേതികമായി മാത്രം ഒത്തു നോക്കുന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പണം

നഷ്ടപ്പെട്ടാൽ പരാതി പറഞ്ഞിട്ടു കാര്യമില്ല. നൽകിയ വിവരങ്ങൾ തെറ്റെങ്കിൽ അയച്ച അക്കൗണ്ടിലേയ്ക്ക് പണം തിരികെ വരും, പക്ഷേ ആവശ്യം നടക്കില്ല. ഇതോടൊപ്പം മൊബൈൽ വോലറ്റുകളും മറ്റും ഉപയോഗിച്ചു നടത്തുന്ന ഡിജിറ്റൽ പണമിടപാടുകളിലും ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടും. ഇലക്‌ട്രോണിക്, ഡിജിറ്റൽ പണമിടപാടുകളിൽ മുൻകൂട്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഇലക്‌ട്രോണിക് ഇടപാടുകൾ

ആർടിജിഎസ്, എൻഇഎഫ്ടി എന്നിങ്ങനെ ഇലക്‌ട്രോണിക്കായി പണമയയ്ക്കാനുള്ള സംവിധാനങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്ന പൂർണ്ണ ഉത്തരവാദിത്തം പണം അയയ്ക്കുന്നവർക്കായിരിക്കുമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് പണമിടപാടുകൾ ആരംഭിക്കുക, അവ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുക, ബാങ്കുകൾ തമ്മിൽ പണംകൈമാറ്റം ഒത്തു നോക്കി തീർപ്പാക്കുക എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന സാങ്കേതിക പ്രക്രിയകൾ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കൂടാതെ കംപ്യൂട്ടർ ശൃംഖലകൾ വഴിയാണു പൂർത്തീകരിക്കപ്പെടുന്നത്. കംപ്യൂട്ടറുകളിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചു പണമിടപാടു പ്രക്രിയ പൂർത്തിയാകുമ്പോൾ ഉദ്ദേശിക്കപ്പെടാത്ത കൈകളിലേയ്ക്ക് പണം എത്തുകയും അത് പിൻവലിക്കുകയും ചെയ്യാമെന്നതിനാൽ ഉദ്ഭവ സ്ഥാനത്തു നൽകുന്ന വിവരങ്ങൾ നിർണായകമാണ്.

ഐഎഫ്എസ് കോഡ്

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്ക് ശാഖകൾക്കും പ്രത്യേകമായി നൽകിയിരിക്കുന്ന 11 സ്ഥാനങ്ങളുള്ള, അക്ഷരങ്ങളും സംഖ്യകളും കൂട്ടിക്കലർത്തിയുള്ള നമ്പരാണ് ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്. ആദ്യ നാല് അക്ഷരങ്ങൾ ഏത് ബാങ്കാണെന്നും അവസാന ആറ് അക്കങ്ങൾ ഏത് ശാഖയാണെന്നും തിരിച്ചറിയാൻ സഹായിക്കും. ഇതിനു രണ്ടിനും മധ്യത്തിലുള്ള പൂജ്യം ഭാവിയിലെ ഉപയോഗത്തിനുവേണ്ടിയുള്ളതാണ്. പണം സ്വീകരിക്കേണ്ട ശാഖയുടെ ഐഎഫ്എസ്‌സി നമ്പരും അക്കൗണ്ട് നമ്പരും ഒത്തു നോക്കി അവയും പൊരുത്തപ്പെട്ടാൽ മാത്രമേ കൈമാറ്റത്തിനായി പണം സ്വീകരിക്കുകയുള്ളൂ. പണം സ്വീകരിച്ച ശാഖയിൽ അക്കൗണ്ട് നമ്പരിൽ ആശങ്കയുണ്ടെങ്കിൽ പണം തിരികെ വരും. നൽകിയിട്ടുള്ള അക്കൗണ്ട് നമ്പരും അക്കൗണ്ട് ഉടമയുടെ പേരും ഒത്തുനോക്കി ചേരുന്നില്ലെങ്കിൽ പണം തിരികെ ലഭിക്കും.

അക്കൗണ്ട് മാറി പണം പോയാൽ

ഒരിക്കൽ കംപ്യൂട്ടർ ശൃംഖലയിൽ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ മറ്റു തകരാറുകൾ ഇല്ലെങ്കിൽ ഉദ്ദേശിക്കപ്പെട്ടതാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ ഒരു അക്കൗണ്ടിൽ പണം എത്തും. മിക്ക അക്കൗണ്ടുകളും മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പണം ലഭിച്ച അക്കൗണ്ടുടമയ്ക്ക് ആ വിവരം ഉടൻ ലഭിക്കുന്നു. ഉദ്ദേശിക്കാത്ത അക്കൗണ്ടിൽ വരവുവച്ച പണം അക്കൗണ്ടുടമയുടെ സമ്മതം കൂടി ഉണ്ടെങ്കിൽ മാത്രമേ തിരികെ എടുക്കാൻ സാധിക്കുന്നുള്ളൂ. ലഇങ്ങനെ തെറ്റു സംഭവിക്കുന്ന അവസരങ്ങളിൽ ഇടപാടുകാരെ സഹായിക്കുന്നതിനായി പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ബാങ്കുകളുമായി ചേർന്നു പ്രവർത്തിക്കുന്നു. തെറ്റായി പണം സ്വീകരിച്ച

അക്കൗണ്ടുടമയുടെ സഹകരണം ഇല്ലാതെ വന്നാൽ നിയമ നടപടി മാത്രമേ പോംവഴിയുള്ളൂ. ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഇടപെടലും ഇക്കാര്യത്തിൽ പരിമിതമാണ്.

സീറോ ലയബിലിറ്റി ബാധകമാകില്ല

തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പണം നഷ്ടപ്പെട്ടാൽ ബാങ്കുകൾ നഷ്ടം നികത്തില്ല. ഇടപാടുകാരന്റെതല്ലാത്ത കാരണങ്ങളാൽ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കപ്പെടുമ്പോഴാണു പ്രധാനമായും സീറോ ലയബിലിറ്റി നിബന്ധന പ്രാവർത്തികമാക്കുക.