Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചാരണങ്ങളിൽ‌ തളരാതെ ബിറ്റ്കോയിൻ; മൂല്യം 12,000 ഡോളറിലേക്ക്

bitcoin

ന്യൂയോര്‍ക്ക്∙ ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ. ബിറ്റ്കോയിന്റെ വിനിമയമൂല്യം 12,000 ഡോളർ എന്ന മാന്ത്രിക സംഖ്യയിലെത്തി. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. കഴിഞ്ഞ ആഴ്ച 10,000 ഡോളർ മൂല്യമെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത്.

ഈ വർഷമാദ്യം 1000 ഡോളറിൽ താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. ബിറ്റ്കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. പുതിയ മൂല്യം ഇന്ത്യൻ രൂപയിൽ ഏകദേശം 7.73 ലക്ഷം വരും. സാങ്കൽപിക കറൻസിയിലുള്ള ഇടപാടുകൾ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്കോയിൻ കുതിക്കുന്നത് എന്നതും ശ്രദ്ധേയം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കൽപിക കറൻസിയാണ് ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രമാണ് വിനിമയം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാണു പ്രസിദ്ധം.

ഔദ്യോഗിക ഇടനിലക്കാരെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കുന്ന ബിറ്റ്കോയിൻ വിനിമയം രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കുമെന്ന് ആശങ്കയുണ്ട്. ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണ് ബിറ്റ്കോയിന്റെ സവിശേഷത.

കേന്ദ്ര ബാങ്കുകൾ പോലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ബിറ്റ്കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ രഹസ്യമായിരിക്കും.

related stories