Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം

bitcoin Representational image

ന്യൂഡല്‍ഹി∙ നിക്ഷേപസാധ്യതയെയും ആധികാരികതയെയും ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. ഡിജിറ്റൽ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറിലാണു മോഷണം നടന്നതെന്നു ഡൽ‌ഹി പൊലീസ് സൈബർ സെൽ അറിയിച്ചു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലെ 440 ബിറ്റ്‌കോയിനുകളാണു മോഷ്ടിക്കപ്പെട്ടത്. ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരം കേസ് എടുത്തു. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്കോയിനുകൾ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയിൽ പറയുന്നത്. ഓഫ്‍ലൈനായി സൂക്ഷിച്ച ബിറ്റ്കോയിനുകൾ അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനി സൂക്ഷിച്ച പാസ്‍വേഡുകൾ ഓൺലൈനിലൂടെ ചോർത്തിയെടുത്താണു കവർച്ച നടത്തിയത്.

വായിക്കാം: ബിറ്റ്കോയിൻ: സങ്കൽപത്തിലെ പണത്തിന് വിലയുണ്ട്, എല്ലാം ആ അജ്ഞാതന്റെ കണ്ടുപിടുത്തം.

ഹാക്കർമാരെ കണ്ടെത്താൻ കമ്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങൾ (ഡേറ്റാ ലോഗ്സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാൽ വിജയിച്ചില്ല. കവർച്ച ചെയ്യപ്പെട്ട ബിറ്റ്കോയിനുകൾ എവിടേക്കാണു മാറ്റിയതെന്നും അറിയാനായില്ല. മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കൽറ പറഞ്ഞു. അതേസമയം, കമ്പനി സിഎസ്‌ഒ അമിതാബ് സക്‌സേന സംശയനിഴലിലാണ്. ഇയാൾ രാജ്യംവിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനോടു കമ്പനി ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വായിക്കാം: ബിറ്റ്‍കോയിനും എതേറിയവും ശരിക്കും ചതിയല്ലെ? ഞെട്ടിക്കും കണക്കുകൾ പുറത്ത്

അടുത്തിടെ, ബിറ്റ്കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഗെയ്ൻ ബിറ്റ്കോയിൻ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസർക്കാരും ആർബിഐയും പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസിയും.

related stories