Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ കംപ്യൂട്ടറുകളിൽ ഒളിഞ്ഞിരിക്കുന്നത് ക്രിപ്റ്റോ കറൻസി മൈനിങ് പ്രോഗ്രാമുകൾ

blockchain-bitcoin

തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്. ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന.

Read More: ബിറ്റ്കോയിൻ: സങ്കൽപത്തിലെ പണത്തിന് വിലയുണ്ട്, എല്ലാം ആ അജ്ഞാതന്റെ കണ്ടുപിടുത്തം...

വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.

ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതു കമ്പനിയുടെ അറിവോടെയാണോ ജീവനക്കാരിൽ ആരെങ്കിലും ചേർത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കംപ്യൂട്ടർ ചുട്ടുപൊള്ളും!

ക്രിപ്റ്റോ കറൻസി മൈനർ കണ്ടെത്തിയ പല കംപ്യൂട്ടറുകളും വലിയ തോതിൽ ചൂടാകുന്നതായി കണ്ടെത്തിയിരുന്നു. ഗൂഗിൾ ക്രോമിലെ വിവാദ എക്സ്റ്റൻഷൻ ഓഫ് ചെയ്താൽ സിപിയുവിന്റെ ഉപയോഗം 40 ശതമാനത്തിൽ നിന്നു നാലു ശതമാനത്തിലേക്കു കുറയുമായിരുന്നു. അതായതു ക്രിപ്റ്റോകറൻസി മൈനർ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളുടെ പ്രോസസിങ് പവറിന്റെ 90 ശതമാനവും മൈനിങ്ങിനായാണ് ഉപയോഗിക്കുന്നത്.

Read More: ബിറ്റ്‍കോയിനും എതേറിയവും ശരിക്കും ചതിയല്ലെ? ഞെട്ടിക്കും കണക്കുകൾ പുറത്ത്

കഴിഞ്ഞ മാസമാണു യുപിഎസ്‍സി വെബ്സൈറ്റിലും ക്രിപ്റ്റോ കറൻസി മൈനിങ് പ്രോഗ്രാമുകൾ കണ്ടെത്തിയത്. സാധാരണഗതിയിൽ വലിയ തുക ചെലവഴിച്ചു കൂടിയ പവറുള്ള കംപ്യൂട്ടറുകൾ വാങ്ങിയാണു മൈനിങ് നടത്തുന്നത്. എന്നാൽ മുതൽമുടക്കില്ലാതെ മറ്റുള്ളവരുടെ കംപ്യൂട്ടറിന്റെ ശേഷി അവരറിയാതെ മോഷ്ടിക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.