Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2000 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പ്: കമ്പനി ഡയറക്ടറും സഹോദരനും അറസ്റ്റിൽ

bitcoin

ന്യൂഡൽഹി ∙ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഗെയ്ൻ ബിറ്റ്കോയിൻ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിൽ. തട്ടിപ്പു നടത്തി മാസങ്ങൾക്കു മുൻപ് രാജ്യം വിട്ട അമിത് ഭരദ്വാജ്, സഹോദരൻ വിവേക് കുമാർ ഭരദ്വാജ് എന്നിവരാണ് പുണെ പൊലീസിന്റെ പിടിയിലായത്.

ഇവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് കേസ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്തിരുന്നു. രാജ്യത്ത് വെർച്വൽ കറൻസികളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി റജിസ്റ്റർ ചെയ്യുന്ന ആദ്യ ഇസിഐആർ ആണിത്. പരാതിയെത്തുടർന്ന് അമിതിനെതിരെ പുണെയിൽ സൈബർ ക്രൈം സെൽ ജനുവരിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

മാസം 10 ശതമാനം വരെ വരുമാനവർധന വാഗ്ദാനം നൽകിക്കൊണ്ട് ഗെയ്ൻബിറ്റ്കോയിൻ വെബ്സൈറ്റ് വഴിയാണ് അമിത് ഭരദ്വാജ് നിക്ഷേപം സ്വീകരിച്ചത്. ബിറ്റ്കോയിൻ നിക്ഷേപത്തിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്ദാനവുമായി മുംബൈ, പുണെ, നാന്ദേഡ്, കോലാപ്പുർ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി എണ്ണായിരത്തോളം പേരിൽ നിന്നായി 2000 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണു കണക്ക്. കേന്ദ്രസർക്കാരിന്റെ നോട്ടു നിരോധനത്തെത്തുടർന്ന് ഒട്ടേറെപ്പേർ ഗെയ്ൻബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയെന്നു പറയുന്നു. പിൻവലിച്ച കറൻസിയും നിക്ഷേപമായി സ്വീകരിച്ചിരുന്നത്രെ. 

വാഗ്ദാനം ചെയ്ത വരുമാനം നിക്ഷേപകർക്കു നൽകാൻ കഴിയാതായതോടെ അമിത് രാജ്യം വിടുകയായിരുന്നു.  ആദ്യം ദുബായിലും പിന്നീട് ബാങ്കോക്കിലും ഒളിവിൽ കഴിഞ്ഞു. അമിതിനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ച പൊലീസ്, കമ്പനിയുമായി ബന്ധപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തതോടെയാണ് അമിത്തിന്റെ വരവിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസർക്കാരും ആർബിഐയും പലതവണ മുന്നറിയിപ്പു നൽകിയിരുന്നു.  കൂടാതെ കഴിഞ്ഞദിവസത്തെ പണനയ പ്രഖ്യാപനത്തിനിടെ ആർബിഐ ഇത്തരം ഇടപാടുകാർക്ക് സേവനം നൽകുന്നതിൽനിന്നു ബാങ്കുകളെ വിലക്കുകയും ചെയ്തു. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണ് നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസിയും.  ഇവ അടിസ്ഥാനമാക്കിയിരിക്കുന്ന ബ്ലോക്ചെയിൻ സാങ്കേതിവിദ്യ മികച്ചതായതിനാൽ ഇതുവഴി രാജ്യത്തിനു സ്വന്തമായി അംഗീകൃത ക്രിപ്റ്റോ കറൻസി ഇറക്കുന്നതിനുള്ള സാധ്യത ആരായുമെന്നും ആർബിഐ സൂചിപ്പിച്ചിരുന്നു.