Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കാം !

Crypto-Currency-Mining-Programme രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ ഭാഗമായി സർക്കാർ വാങ്ങിയ കംപ്യൂട്ടറുകളിൽ കണ്ടെത്തിയ ക്രിപ്റ്റോ കറന്‍സി മൈനിങ് പ്രോഗ്രാം.

തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു. 

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്.

ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന. വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. 

മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. 

ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.

related stories