Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോപാർക്കിന്റെ ഐടി ഉൽപന്നം വിയറ്റ്നാമിലേക്കും

തിരുവനന്തപുരം ടെക്നോപാർക്ക് മുഖ്യപ്രവർത്തന ആസ്ഥാനമായ ഡേറ്റ അനലിറ്റിക്സ് കമ്പനി ഫ്ലൈടെക്സ്റ്റ് വിയറ്റ്നാമിലെ ടെലികോം മേഖലയിലേക്കും ചുവടുവച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ടെലികം കമ്പനിയായ വിയറ്റൽ ഇനി ഉപയോക്താക്കളുടെ മനസ്സറിയാൻ ഉപയോഗിക്കുക ഫ്ലൈടെക്സ്റ്റിന്റെ നിയോൺ– ഡിഎക്സ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‍– ഡേറ്റ അനലിറ്റിക്സ് ഉൽപന്നമായിരിക്കും. 

ഉപയോക്താവിന്റെ താൽപര്യങ്ങളും ആവശ്യങ്ങളുമെന്തെന്ന്, ഉപയോഗ രീതി വിശകലനം ചെയത് മനസ്സിലാക്കി ടെലികോം കമ്പനികൾക്കു നൽകുന്ന സോഫ്റ്റ്‌വെയറായ നിയോൺ ഡി–എക്സ് വിവിധ രാജ്യങ്ങളിൽ വോഡഫോൺ, എംടിഎൻ, അമേരിക്ക മൊവിൽ, സെയിൻ, എയർടെൽ, ഐഡിയ തുടങ്ങി ഒട്ടേറെ ടെലികോം കമ്പനികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഫ്ലൈടെക്സ്റ്റ് സിഇഒ ആയ മലയാളി ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.

ഉപയോക്താക്കളെ മനസ്സിലാക്കി സേവന പാക്കേജുകൾ രൂപപ്പെടുത്തുന്നതു വഴി ടെലികോം കമ്പനികൾക്ക് രണ്ടു മുതൽ ഏഴു വരെ ശതമാനം വരുമാന വർധനയാണ് ഉണ്ടാകുന്നത്. നാൽപതോളം രാജ്യങ്ങളിൽ, വിവിധ രംഗങ്ങളിലായി നൂറിലേറെ കമ്പനികൾ നിയോൺ–ഡിഎക്സ് ഉപയോഗിക്കുന്നുണ്ട്. 

2008ൽ തിരുവനന്തപുരത്തു തുടങ്ങിയ ഫ്ലൈടെക്സ്റ്റിന്റെ ഔദ്യോഗിക ആസ്ഥാനം ഇപ്പോൾ നെതർലൻഡ്സ് ആണ്. ഗവേഷണവും ഉൽപന്ന വികസനവുമൊക്കെ തിരുവനന്തപുരത്തുതന്നെ. വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ ഉപയോക്താവിന്റെയും താൽപര്യം മനസ്സിലാക്കിയാണു കമ്പനികൾ സേവനങ്ങളോ ഉൽപന്നങ്ങളോ അവതരിപ്പിക്കേണ്ടതെന്ന കാര്യം ഭൂരിപക്ഷം കമ്പനികളും ഗൗരവത്തോടെ കാണാതിരുന്ന സമയത്തുനിന്നു വലിയ മാറ്റം ഇപ്പോഴുണ്ടെന്ന് വിനോദ് വാസുദേവൻ പറയുന്നു.

ഉൽപന്നത്തിന്റെ മികവ് ഫ്ലൈടെക്സ്റ്റിനു വിദേശ മൂലധന നിക്ഷേപം നേടിക്കൊടുക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തും പ്രവർത്തനം വ്യാപകമായിക്കൊണ്ടിരിക്കുന്നു. 2016ൽ രേഖപ്പെടുത്തിയത് മുൻകൊല്ലത്തെക്കാൾ 75% ബിസിനസ് വളർച്ചയാണ്. 2017ലെ വളർച്ചനിരക്കും വ്യത്യസ്തമാകില്ലെന്നാണു വിലയിരുത്തൽ. 

ടെക്നോപാർക്കിലെ ജീവനക്കാരുടെ എണ്ണം ഇക്കൊല്ലം 220ൽനിന്ന് 300 ആക്കുകയുമാണു  കമ്പനി. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വൻ കുതിപ്പു കൂടി കണക്കിലെടുത്താണ് ഈ വിപുലീകരണം. ലോകത്തെ ഡേറ്റ അനലിറ്റിക്സ് ബിസിനസ് 2020ൽ 10,000 കോടി ഡോളറിന്റേതാകുമെന്നാണു (ഏകദേശം 6,50,000 കോടി രൂപ) നിഗമനം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ന്യൂറോ ലിങ്ഗ്വിസ്റ്റിക് പ്രോഗ്രാമിങ്ങും ഉപയോഗപ്പെടുത്തിയുള്ള ഫ്ലൈടെക്സ്റ്റ് ഉൽപന്നങ്ങൾ ഡൽഹി ഐഐടിയുടെയും നെതർലൻഡ്സിലെ ഗവേഷണ ഏജൻസിയായ ടിഎൻഒയുമായും ചേർന്നാണു രൂപപ്പെടുത്തിയത്. ഐഐടി ഖരഗ്പുരിൽനിന്നു ബിരുദമെടുത്ത വിനോദ് വാസുദേവൻ വിവിധ ടെലികോം കമ്പനികളിൽ പ്രവർത്തിച്ചശേഷമാണു ഫ്ലൈടെക്സ്റ്റിനു രൂപം നൽകിയത്.

related stories