കൊച്ചി സ്മാർട്സിറ്റി പദ്ധതി നിശ്ചയിച്ച സമയത്തു തീർക്കും

ദുബായ്/തിരുവനന്തപുരം/കൊച്ചി∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ പൂർത്തിയാക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച പദ്ധതികൾക്കു പുറമെ ഭാവിയിലെ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കു രൂപം നൽകും. ഇക്കാര്യത്തിൽ ദുബായ് ഹോൾഡിങ്സിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.  

ഇന്നലെ ദുബായിലാണ് സ്മാർട്സിറ്റിയുടെ ബോർഡ് യോഗം ചേർന്നത്. നിലവിലുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. പദ്ധതിയുടെ അംഗീകരിച്ച രൂപരേഖപ്രകാരം തന്നെ നിർമാണം പൂർത്തിയാക്കും.  

നിലവിലെ സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ളത്രയും ജോലി സൃഷ്ടിക്കാൻ കഴിയുമെന്നു യോഗത്തിനു ശേഷം ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

∙ കൊച്ചി പദ്ധതി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുന്നതായി ദുബായ് ഹോൾഡിങ്ങിനു പരാതിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വരുന്ന കാലതാമസം പദ്ധതിയെ ബാധിക്കുന്നുവെന്നാണു പരാതി. തുടക്കം മുതൽ വൈകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചുവപ്പുനാടകൾ വെല്ലുവിളിയാണ്. 2021 ലാണ് അവസാന ഘട്ടം പൂർത്തിയാക്കേണ്ടത്.

∙ 88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്നും ഒരു ലക്ഷം ഐടി, അനുബന്ധ തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നുമാണു സ്മാർട് സിറ്റിയുടെ വാഗ്ദാനം. ഇതുവരെ പൂർത്തിയായത് 6.5 ലക്ഷം ചതുരശ്ര അടി ഐടി മന്ദിരം. 

സാൻഡ്സ് ഇൻഫ്രാബിൽഡ് നിർമിക്കുന്ന 37 ലക്ഷം ചതുരശ്ര അടി മന്ദിരത്തിന്റെ ചട്ടക്കൂടിന്റെ നിർമാണം നടക്കുന്നു. മറാട്ട് പ്രോജക്ട്സ് മന്ദിരത്തിന്റെ അടിത്തറ നിർമാവും പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മന്ദിരത്തിനായി സ്ഥലമൊരുക്കലും നടക്കുന്നു. ജെംസ് മോഡേൺ അക്കാദമിയുടെ നിർമാണ ജോലികളും പൂർത്തിയായിവരുന്നു.