Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്സിറ്റി നിർമ്മാണം വേഗത്തിൽ

smart-city..

കൊച്ചി∙ ഐടി കമ്പനികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം സ്മാർട് സിറ്റിയിൽ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ടവർ ഉൾപ്പടെ 66 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം 2020ൽ പൂർത്തിയാവും.

കരാർ 2011ൽ ഒപ്പിട്ട സ്മാർട്സിറ്റിയിൽ 10 വർഷത്തിനകമാണ് ഐടി വ്യവസായത്തിനു വേണ്ട കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കേണ്ടത്. കരാറിൽ പറയുന്ന കാലാവധിക്ക് ഒരു വർഷം മുമ്പേ തന്നെ ഐടി സൗകര്യങ്ങൾ പൂർത്തിയാക്കും. ഹോട്ടലുകളും അപ്പാർട്മെന്റുകളും മറ്റും ഉൾപ്പെടുന്ന പശ്ചാത്തല സൗകര്യങ്ങളുടെ നിർമ്മാണവും അടുത്ത വർഷം ആരംഭിക്കും.

രണ്ടാം ഘട്ടത്തിന്റെ പണിയാണു പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടത്തുന്നതു സഹ നിക്ഷേപക കമ്പനികളാണെന്ന് (കോ ഡവലപ്പേഴ്സ്)സ്മാർട് സിറ്റി സിഇഒ മനോജ് നായർ പറഞ്ഞു. മൂന്നും നാലും അഞ്ചും ഘട്ടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ ഈ ഘട്ടങ്ങളിലാണ് ഉയർന്നു വരിക.

ആദ്യ ഘട്ടത്തിൽ ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഐടി കെട്ടിടവും ഏഴ് കിലോമീറ്റർ നീളം വരുന്ന നാലുവരിപ്പാതയും വൈദ്യുതിക്കും ശുദ്ധജലത്തിനും വേണ്ട സൗകര്യങ്ങളുമെല്ലാം പൂർത്തിയായിരുന്നു. ഐടി കെട്ടിടത്തിന്റെ 80% സ്ഥലം കമ്പനികൾ ഏറ്റെടുക്കുകയും ചെയ്തു.

ജെംസ് ഇന്റർനാഷനൽ സ്കൂൾ കെട്ടിടം പണി തീർന്ന് 3500 വിദ്യാർഥികൾക്കു വേണ്ട സൗകര്യമൊരുക്കി അടുത്ത അക്കാദമിക് വർഷത്തിലേക്കു പ്രവേശനവും ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ സാൻഡ്സ് ഇൻഫ്ര നിർമ്മിക്കുന്ന ഐടി ടവറുകൾക്ക് 30 നിലകൾ വീതമാണ്. ഓരോ നിലയും പത്തു ദിവസം കൊണ്ടു പണി തീർക്കുന്നു. 37 ലക്ഷം ചതുരശ്രയടിയാണു വിസ്തീർണം. 30000 പേർക്ക് ഇവിടെ ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്.

പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കെട്ടിടത്തിനു പൈലിങ് ആരംഭിച്ചു. 12 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു കെട്ടിടങ്ങളാണ് ഉയരുക. മാറാട്ട് ഗ്രൂപ്പിന്റെ നാലു ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ പണിയും തുടങ്ങി. സിംഗപ്പൂർ ആസ്ഥാനമായ മാരി ആപ് മറൈൻ സൊല്യൂഷൻസ് അവരുടെ ഇന്ത്യയിലെ ആസ്ഥാനമായി സ്മാർട് സിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. ഒന്നര ഏക്കർ സ്ഥലം അനുവദിച്ചിട്ടുമുണ്ട്.

വിലയിരുത്തൽ മാസം തോറും

കൊച്ചി∙ സ്മാർട് സിറ്റി പദ്ധതിയുടെ പുരോഗതി മാസം തോറും സൈറ്റിൽ പോയി വിലയിരുത്തുന്നുണ്ടെന്ന് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ എം.ശിവശങ്കർ ചൂണ്ടിക്കാട്ടി. കരാർ പ്രകാരം പദ്ധതി പൂർത്തിയാകേണ്ട 2021ന് ഒരു വർഷം മുമ്പു തന്നെ ഐടി സൗകര്യങ്ങൾ പൂർത്തിയാക്കണമെന്നു നിഷ്ക്കർഷിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പണി തീർന്നാൽ അതിലേക്കു നിക്ഷേപകരെ കൊണ്ടു വരികയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാൻ കഴിയും. കരാർ പ്രകാരം ആകെ 90000 തൊഴിലവസരങ്ങളാണ് ഉണ്ടാകേണ്ടത്. അതുണ്ടാകാൻ കുറച്ചു കൂടി സമയം വേണ്ടി വരും.