എന്റെ സ്വപ്നത്തിന്റെ വഴികാട്ടി മലയാള മനോരമ: ജോസഫ് സിരോഷ്

ജോസഫ് സിരോഷ് (വിഡിയോ കോൺഫറൻസ്).

കൊച്ചി ∙ സ്വപ്നത്തിലേക്കുള്ള വഴിയിൽ മലയാള മനോരമ വഹിച്ച പങ്ക് എടുത്തുപറഞ്ഞ് മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിഭാഗം മേധാവി ജോസഫ് സിരോഷ്. 12–ാം വയസ്സിൽ മനോരമയിൽ വായിച്ച, കൃത്രിമബുദ്ധി ഉപയോഗിച്ചു സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള ലേഖനത്തിലൂടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയെപ്പറ്റി ആദ്യമായി അറിയുന്നത്. 

ഇതാണ് ആ വാർത്ത : 37 വർഷം മുൻപ് മനോരമയിൽ പ്രസിദ്ധീകരിച്ച കൃത്രിമബുദ്ധി ഉപയോഗിച്ചു സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള വാർത്ത

വായനയിലുണ്ടായ കൗതുകം ഈ മേഖലയിലെത്തിപ്പെടണമെന്ന ആഗ്രഹമായി മാറിയെന്നു പറഞ്ഞാണ് അമേരിക്കയിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തുനിന്നു വിഡിയോ കോൺഫറൻസിലൂടെ സിരോഷ് സംസാരിച്ചു തുടങ്ങിയത്. താൻ കേരളത്തിന്റെ മകനാണെന്നും കൊച്ചിയിൽ ജനിച്ചു തൃശൂരിൽ വളർന്ന മലയാളിയാണെന്നുമുള്ള  സിരോഷിന്റെ  വാക്കുകൾ വേദിയിൽ ആവേശമുണർത്തി. 

എഐ പോലുള്ള സാങ്കേതികവിദ്യകളെപ്പറ്റി ലോകം ആദ്യം ചിന്തിച്ച കാലഘട്ടത്തിൽത്തന്നെ മനോരമയിൽ  പ്രസിദ്ധീകരിച്ച ഫീച്ചറിൽ നിന്നാണ് താൻ വലിയ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയതെന്നും അദേഹം പറഞ്ഞു. 37 വർഷം മുൻപായിരുന്നു ഡേറ്റ വിശകലനം ചെയ്തു മനുഷ്യരുടെ ജോലികൾ ഏറ്റെടുക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനത്തെപ്പറ്റി  മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്.