ഇന്ത്യയുടെ പുരോഗതി അവിശ്വസനീയം: സത്യ നദെല്ല

സത്യ നദെല്ല (വിഡിയോ കോൺഫറൻസ്)

കൊച്ചി ∙ ഡ്രീം, ക്രിയേറ്റ് ആൻഡ് ബിൽഡ് സൊലൂഷൻസ്. നിങ്ങളുടെ സ്ഥാപനങ്ങളെ, സമൂഹത്തെ മാറ്റിമറിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനായി സ്വപ്നം കാണുക, പ്രതിവിധികൾ കണ്ടെത്തുക -  # ടാഗ് ഫ്യൂച്ചർ ആഗോള ഡിജിറ്റൽ സമ്മേളനത്തിനെത്തിയ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നദെല്ല പറഞ്ഞതിങ്ങനെ. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അദ്ദേഹം സദസ്സിനോടു സംസാരിച്ചത്. 

 ഓരോ തവണയും ഇന്ത്യയിലെത്തുമ്പോൾ കാണുന്ന പുരോഗതി അവിശ്വസനീയമാണ്. പൊതു, സ്വകാര്യ മേഖലകളുടെ പുരോഗതിക്ക് എങ്ങനെ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഹൃദ്രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എഐ) ഉപയോഗിക്കാനാകും. കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിന്റെ ഘടനയും മനസ്സിലാക്കി കാർഷികോൽപാദനം വർധിപ്പിക്കാനും സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കാൻ കഴിയും.

സ്കൂളുകളിൽ നിന്നു കൊഴിഞ്ഞു പോകാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ സ്കൂളുകളിൽ ക്ലൗഡ്, എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ മൊബൈൽ ആപ്പായ കൈസാല സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും ഉദ്യോഗസ്ഥരെ ശാക്തീകരിക്കാനും ഉപയോഗിക്കാനാകും. സാങ്കേതികവിദ്യയ്ക്കു വേണ്ടിയല്ല ഞങ്ങളുടെ ആഘോഷം. ആ സാങ്കേതികവിദ്യ മൂലം മറ്റുള്ളവർക്കുണ്ടായ നേട്ടങ്ങളെയാണ് ആഘോഷിക്കുന്നത്. ഭൂമിയിലെ ഓരോ മനുഷ്യനെയും സ്ഥാപനത്തെയും കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കുകയാണു മൈക്രോസോഫ്റ്റിന്റെ ദൗത്യം - നദെല്ല പറഞ്ഞു.