Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടോളൂ..., തീർഥ തി‌ളങ്ങി..!

teertha തീർഥ നിർമല ആംഗ്യഭാഷയിൽ പ്രസംഗിക്കുന്നു.

തിരുവനന്തപുരം∙ തീർഥയുടെ പേരു വിളിച്ചപ്പോൾ സദസ്സിൽ ആരവം മുഴങ്ങി. സദസ്സിലിരുന്ന തീർഥ മാത്രമൊന്നുമറിഞ്ഞില്ല. പക്ഷേ തൊട്ടടുത്തിരുന്ന സഹപ്രവർത്തകൻ കിങ്‍സ്‍ലിയുടെയും ഭർത്താവ് സനുവിന്റെയും മുഖത്തെ ആവേശത്തിൽനിന്നു തീർഥ വിജയം വായിച്ചെടുത്തു! സ്റ്റാർട്ടപ് മിഷനും ഐഎഎംഎഐയും ചേർന്നു നടത്തിയ ഹഡിൽ സ്റ്റാർട്ടപ് സമ്മേളനത്തിന്റെ സമാപന ചടങ്ങാണു വികാരനിർഭരമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചത്.

കോഴിക്കോട് സ്വദേശിയും ഇന്ത്യയിലെ ആദ്യ ബധിര വനിതാ സ്റ്റാർട്ടപ് സ്ഥാപകയുമായ തീർഥ നിർമല ബധിരർക്കായി ടെക്നോപാർക്കിൽ ആരംഭിച്ച സൈൻ നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പാണു ഹഡിൽ പിച്ചിങ് മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയത്.

വേദിയിലെത്തിയ തീർഥ ആംഗ്യഭാഷയിലാണു സംസാരിച്ചു തുടങ്ങിയത്. പരിഭാഷകനായ അമിത്തിന്റെ സഹായത്തോടെ സദസ്സ് അതു കേട്ടു. "എനിക്കൊരു സ്വപ്നമുണ്ട്; കേൾവിശക്തിയില്ലാത്തവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കു ശക്തിപകരാൻ എന്റെ സാങ്കേതികവിദ്യയ്ക്കു കഴിയും". ഹർഷാരവത്തോടെയാണ് എല്ലാവരും ആ വാക്കുകളെ സ്വീകരിച്ചത്. പലരും കൈകൾ ഉയർത്തി അഭിനന്ദനം ചൊരിഞ്ഞു.

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കി ലാബ് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നതിനിടെയാണ് കിങ്‍സ്‍ലിക്കും പ്രവീജിനുമൊപ്പം സൈൻ നെക്സ്റ്റ് ആരംഭിക്കുന്നത്. ബധിരരായവർക്ക് ആംഗ്യഭാഷയിൽ വിഭ്യാഭ്യാസം നൽകുകയാണു ലക്ഷ്യം. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും ഉടൻ പുറത്തിറക്കും. പ്രമുഖ ഐടി കമ്പനിയിൽ പ്രവർത്തിച്ചിരുന്ന കിങ്സ്‍ലിയുടെ സഹപ്രവർത്തകരായി പലപ്പോഴായി എത്തിയ എട്ടുപേർക്കു കേൾവിശക്തി ഇല്ലായിരുന്നു. ഇവർ തൊഴിലിടങ്ങളിൽ നേരിട്ട പ്രതിസന്ധി പരിഹരിക്കാൻ കൂടിയാണു ജോലി ഉപേക്ഷിച്ചു പുതിയ സ്റ്റാർട്ടപ്പിന്റെ ഭാഗമായത്.