രൂപ 13 മാസത്തെ താഴ്ന്ന തലത്തിൽ

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപ 13 മാസത്തെ താഴ്ന്ന നിലവാരമായ 66.48ൽ എത്തി. എണ്ണവിലയിലെ കയറ്റവും വിദേശ ധനസ്ഥാപനങ്ങൾ നല്ല തോതിൽ പണം പിൻവലിക്കുന്നതുമാണ് കാരണം.

2017 മാർച്ച് 10ന് ശേഷമുള്ള നിലവാരമാണിത്. ഇതുവരെ വിദേശ ധനസ്ഥാപനങ്ങൾ 8000 കോടി രൂപ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഇന്നലെ 66.20ൽ ആണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് നിലവാരമായ 42608.02 കോടി ഡോളറിൽ എത്തി.