ഡേറ്റ സുരക്ഷയ്ക്കു ഗൂഗിൾ പിന്തുണ

ന്യൂഡൽഹി ∙ വ്യക്തിഗത ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഇന്ത്യയിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായതോടെ പിന്തുണ നൽകുമെന്നു വ്യക്തമാക്കി വൻകിട കമ്പനികൾ. ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട ജനറൽ ഡേറ്റ പ്രൊട്ടക്‌ഷൻ റെഗുലേഷൻ (ജിഡിപിആർ അഥവാ ഡേറ്റ സംരക്ഷണ നിയമം) 25 മുതൽ യൂറോപ്പിലാകെ നടപ്പാക്കാനിരിക്കെയാണു ഗൂഗിൾ  ഉൾപ്പെടെയുള്ള കമ്പനികൾ നിലപാടു വ്യക്തമാക്കിയത്.  

ഇന്ത്യയിൽ സ്വകാര്യ ഡേറ്റ സംരക്ഷണ നിയമം നിലവിലില്ല. ഇതു തയാറാക്കാനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ ചെയർമാനായി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സമർപ്പിക്കും. ഉപയോക്താക്കളെ  സംരക്ഷിക്കുന്ന നയങ്ങൾ നടപ്പാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നു ഗൂഗിൾ  ഇന്ത്യ വ്യക്തമാക്കി.