ട്രക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി ; ബ്രസീൽ ഡീസലിന്റെ വില കുറച്ചു

റിയോ ഡി ജനീറോ ∙ ബ്രസീലിൽ ഡീസൽ വില വർധനയ്ക്കെതിരെ ട്രക്ക് ഉടമകൾ ഒരാഴ്ചയിൽ ഏറെയായി നടത്തുന്ന സമരത്തെത്തുടർന്ന് പ്രസിഡന്റ് മിഷേൽ ടെമർ ഡീസൽ വില കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. ലീറ്ററിന് 0.46 റിഎയ്സ് (ബ്രസീൽ കറൻസി) കുറയ്ക്കുമെന്നാണു പ്രഖ്യാപനം. ഒൻപതു രൂപയ്ക്കു തുല്യമായ തുകയാണിത്. സർക്കാരിനു ചെയ്യാൻ കഴിയുന്നതു ചെയ്തെന്നും ഇനി സമരം അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. 

ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ട്രക്ക് ഉടമകളുടെ സമരം കാരണം രാജ്യത്ത് ഇന്ധന, ഭക്ഷണ ക്ഷാമം രൂക്ഷമായതിനെത്തുടർന്നാണു നടപടി. കുറച്ച ഡീസൽ വില 60 ദിവസം മാറ്റമില്ലാതെ നിലനിർത്തുമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ പ്രസിഡന്റ് അറിയിച്ചു. ട്രക്ക് ഉടമകൾ ഉന്നയിച്ച ഏതാനും ആവശ്യങ്ങൾ കൂടി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലീറ്ററിന് 3.36 റിഎയ്സ് ആയിരുന്ന ഡീസൽ വില കഴിഞ്ഞ ആഴ്ച ആദ്യം 3.6 റിഎയ്സ് ആയതോടെയാണു ട്രക്ക് ഉടമകൾ  സമരം തുടങ്ങിയത്. 3.38 റിഎയ്സ് (62.32 രൂപ) ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിലെ ഡീസൽ വില.