ഇന്ത്യയ്ക്ക് 3000 കോടി ഡോളറിന്റെ പദ്ധതിയുമായി ലോക ബാങ്ക്

വാഷിങ്ടൻ ∙ ഇന്ത്യയെ ഉന്നത –മധ്യ വരുമാനമുള്ള രാജ്യമാക്കി മാറ്റാൻ പഞ്ചവൽസര പദ്ധതിയുമായി ലോക ബാങ്ക്. ഇതിനായി 3000 കോടി ഡോളർവരെ ഇന്ത്യയ്ക്ക് സഹായമായി ലഭിക്കും. തൊഴിൽ സാധ്യത വർധിപ്പിക്കുക, വളർച്ചയ്ക്ക് വേഗം കൂട്ടുക, എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി. ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്‌ഷൻ ആൻഡ് ഡവലപ്മെന്റ് (ഐബിആർഡി), ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയിൽ നിന്നാവും സാമ്പത്തിക സഹായം ലഭ്യമാക്കുക. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിച്ച വളർച്ച കണക്കിലെടുത്താണ് ലോക ബാങ്ക് പദ്ധതി തയാറാക്കുന്നതെന്ന് ലോക ബാങ്ക് കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.