മദ്യസൽക്കാരം: എറണാകുളം മുന്നിൽ

പത്തനംതിട്ട ∙ അതിഥികൾക്ക് ‘മദ്യസൽക്കാര’മൊരുക്കുന്നതിൽ എറണാകുളം ജില്ലക്കാർ മുന്നിൽ. പിന്നെ കോട്ടയവും തിരുവനന്തപുരവും.  ബാറും ബവ്റിജസ് സ്റ്റോറുമൊക്കെ ഇഷ്ടം പോലെയുണ്ടെങ്കിലും പ്രത്യേക ബാർ ലൈസൻസ് തന്നെ എടുത്ത് സൽക്കാരം നടത്തിയതിന് ഏറ്റവും കൂടുതൽ പണം സർക്കാരിന് നൽകിയത് ഇൗ ജില്ലക്കാർ. കഴിഞ്ഞ 4 വർഷം കൊണ്ട് സ്വകാര്യ മദ്യപാർട്ടികൾക്ക് അനുമതി നൽകിയ വകയിൽ എക്സൈസ് വകുപ്പിനു കിട്ടിയ 7 കോടി രൂപയിൽ 5 കോടിയും ഇവിടങ്ങളിൽനിന്നാണ്.

മദ്യസൽക്കാരത്തിന് വീട്ടിലോ പ്രത്യേക ഹാളിലോ ഒരു ദിവസത്തെ അനുമതിക്ക് 50,000 രൂപയാണ് ഫീസ്. . ഇൗ കാലയളവിൽ 1258 സ്വകാര്യ മദ്യപാർട്ടികളാണ് സർക്കാരിന്റെ ‘അറിവോടെ’ സംസ്ഥാനത്ത് നടന്നത്. മദ്യം വിളമ്പുന്ന സ്വകാര്യ പാർട്ടികൾക്ക് കാരണം കാണിച്ചും പാർട്ടി നടത്തുന്ന സ്ഥലം വ്യക്തമാക്കിയും എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം. ഏതൊക്കെ തരം മദ്യം വേണമെന്നും എത്ര പേർ മദ്യപിക്കുന്നവർ അതിഥികളായെത്തുമെന്നുമൊക്കെ അപേക്ഷയിൽ വിശദമാക്കണം. മദ്യം വാങ്ങുന്നത് ബവ്റിജസ് ഗോഡൗണിൽ നിന്നാകണമെന്നും വ്യവസ്ഥയുണ്ട്. പ്രായപൂർത്തിയായ ഒരാൾക്ക് മൂന്ന് ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും അഞ്ചര ലീറ്റർ ബീയറുമാണ് ബവ്റിജസ് ഷോപ്പുകളിൽനിന്നു വാങ്ങാനാകുക. അതുകൊണ്ടാണ് ഗോഡൗണിൽനിന്നു തന്നെ ബിൽ സഹിതം വാങ്ങണമെന്ന് നിർദേശിക്കുന്നത്.

പാർട്ടി നടക്കുന്ന സ്ഥലത്തു തന്നെ സ്ത്രീകളെയും കുട്ടികളെയും ആകർഷിക്കാതെ അൽപം മറവിൽ വേണം മദ്യം വിളമ്പലെന്നും വ്യവസ്ഥ യുണ്ട്. സൽക്കാരം ഒരു ദിവസം കൂടി നീട്ടണമെങ്കിൽ വീണ്ടും 50,000 രൂപയടയ്ക്കണം.

ഇൗ അനുമതിയില്ലാതെ വീടുകളിലും മറ്റും നടക്കുന്ന ബാച്ചിലേഴ്സ് പാർട്ടികൾ ശ്രദ്ധയിൽപെട്ടാൽ എക്സൈസിന് കേസെടുക്കാം. വീട്ടിലെ റേഷൻ കാർഡിൽ എത്ര അംഗങ്ങളുണ്ടെന്ന് പരിശോധിക്കും. അവർക്ക് കയ്യിൽ സൂക്ഷിക്കാവുന്ന മദ്യത്തിൽ കൂടുതൽ വീട്ടിൽനിന്നു പിടിച്ചാൽ കേസെടുക്കാം. വീടല്ല മറ്റു സ്ഥലമാണെങ്കിൽ പൊതുസ്ഥലത്തെ മദ്യപാനത്തിനും കേസെടുക്കാം.