മലയാളിക്കു പ്രിയം വില കുറഞ്ഞ ‘വിദേശി’

കണ്ണൂർ ∙ ബവ്റിജസ് കോർപറേഷന്റെ പുതിയ പരീക്ഷണമായ വിദേശനിർമിത വിദേശമദ്യ വിൽപന 3 മാസം തികയ്ക്കുമ്പോൾ സർക്കാർ ഖജനാവിലേക്കെത്തിയത് 4.16 കോടി രൂപ. 95 ചില്ലറവിൽപനശാലകൾ വഴി ഇതുവരെ വിറ്റത് 2,300 കെയ്സ് മദ്യം. അതേസമയം, വിദേശിയിൽ വില കുറഞ്ഞതിനോടാണു മലയാളിക്കു പ്രിയമെന്നു വിൽപനയിലെ കണക്കുകൾ വ്യക്തമാക്കുന്നു.

1,500 മുതൽ 56,000 രൂപ വരെ വിലവരുന്ന, 19 ബ്രാൻഡുകളിലുള്ള മദ്യം വിപണിയിലെത്തിച്ചിട്ടും ഏറ്റവുമധികം വിറ്റുപോയത് 2 ബ്രാൻഡുകൾ. ഒന്നിനു വില 1,520 രൂപ, രണ്ടാമത്തേതിന് 1,950 രൂപ. വിദേശനിർമിത വൈനിന് ആവശ്യക്കാർ തീരെയില്ല. വിദേശനിർമിത വിദേശമദ്യവും വൈനും വിൽക്കാൻ 17 കമ്പനികളുമായി ബവ്കോ ധാരണയിലെത്തിയിരുന്നെങ്കിലും 2 കമ്പനികൾ മാത്രമാണു വിതരണം തുടങ്ങിയത്.

16 ബ്രാൻഡുകൾ വിൽപനയ്ക്കെത്തിക്കാമെന്നു മൂന്നാമത്തെ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിനാണ് ആവശ്യക്കാർ കൂടുതലെന്നതിനാൽ, ഈ ഗണത്തിൽപെടുന്ന വിദേശ ബ്രാൻഡുകൾ കൂടുതലെത്തിക്കാനാണു സാധ്യത.