Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാൽ സ്ഥലം മാറ്റം വേണമെന്ന് ആവശ്യം : പരിഗണിക്കണമെന്ന് കോടതി

Beverages Corporation - BEVCO

കൊച്ചി ∙ വനിതകൾക്കു ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത ബവ്റിജസ് കോർപറേഷൻ (ബവ്കോ) വിദേശമദ്യ ചില്ലറവിൽപന ഷോപ്പിൽ നിന്നു സ്ഥലംമാറ്റം വേണമെന്ന വനിതാ യുഡി ക്ലാർക്കിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നു ഹൈക്കോടതി. ഇരുമ്പനത്തെ ചില്ലറവിൽപന ഷോപ്പിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിനെതിരെ ധനശ്രീയാണു ഹർജി നൽകിയത്. 

ഇരുമ്പനത്തു ജോലിയിൽ പ്രവേശിച്ചശേഷം ഹർജിക്കാരി ഈയാവശ്യത്തിന് ഉടൻ നിവേദനം നൽകണമെന്നും ബവ്കോ സമയബന്ധിതമായി പരിഗണിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. സമീപത്തെ മൊത്തവിൽപന ശാലകളിലെ ഒഴിവുകൾ നിവേദനത്തിൽ ചൂണ്ടിക്കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.  പുരുഷജീവനക്കാരെ മൊത്തവിൽപന ശാലകളിൽ നിയമിക്കുമ്പോൾ ടോയ്‌ലെറ്റ് സൗകര്യം പോലുമില്ലാത്ത ഷോപ്പുകളിൽ സ്ത്രീകളെ ജോലിക്കിടുന്നത് ഉപദ്രവിക്കാനാണെന്നു ഹർജിക്കാരി ആരോപിച്ചു. 

ഡ്യൂട്ടി സമയം വൈകിട്ട് ഏഴുമണി വരെയാക്കി ക്രമീകരിച്ചാൽ പോലും ആ സമയത്തു വൻതിരക്കുള്ളതിനാൽ കണക്കും മറ്റും കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണെന്നും ബോധിപ്പിച്ചു.  സമീപജില്ലകളിലെ തസ്തിക ഒഴിവുള്ള വെയർഹൗസുകളിൽ ജോലിക്കു തയാറാണെന്നും തൃശൂർ, കോട്ടയം ജില്ലകളിൽ ഒഴിവുണ്ടെന്നും അറിയിച്ചു.