Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർഹതപ്പെട്ട നിയമനം നിഷേധിച്ച് ബവ്കോ; നിരാലംബരായി ചാരായത്തൊഴിലാളികൾ

CUBA-BEVERAGE-SPIRITS-RUM-HAVANA CLUB-20TH ANNIVERSARY

കൊച്ചി∙ ബവ്റിജസ് കോർപറേഷനിൽ (ബവ്കോ) ജോലി നൽകാമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാരിനെതിരെ ഇനി കേസു നടത്താനില്ലെന്നു ചാരായ നിരോധനത്തെ തുടർന്നു തൊഴിൽരഹിതരായവർ. ചാരായ നിരോധനത്തെ തുടർന്നു ജോലി നഷ്ടപ്പെട്ടവർക്കു ബവ്കോയിലെ ദിവസവേതന ഒഴിവുകളിൽ 25% മാറ്റിവയ്ക്കണമെന്നു 2002–ലാണു സർക്കാർ ഉത്തരവിട്ടത്.

അൻപതോളം തൊഴിലാളികൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവു വാങ്ങിയതിനെ തുടർന്നായിരുന്നു ഇത്. പക്ഷേ, നിയമനമൊന്നും നടന്നില്ല. 2003ൽ സർക്കാർ ഈ ഉത്തരവു മാറ്റി. ആത്മഹത്യ െചയ്യുകയോ മരിച്ചുപോവുകയോ ചെയ്ത തൊഴിലാളികളുടെ 38 വയസ്സിൽ താഴെയുള്ള മക്കളെ മാത്രമേ ബവ്കോയിലെ ഒഴിവുകളിലേക്കു പരിഗണിക്കൂ എന്നായിരുന്നു പുതിയ ഉത്തരവ്. എന്നാൽ, തങ്ങൾക്ക് അനുകൂലമായ ഹൈക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന ഹർജിയുമായി തൊഴിലാളികൾ വീണ്ടും കോടതിയെ സമീപിച്ചു.

ഇതു പരിഗണിച്ചപ്പോൾ ഔട്‌‌ലെറ്റുകൾ നിർത്തലാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചാരായത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സാധ്യമല്ലെന്നാണു ബവ്കോ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ഹെൽപർ, സെയിൽസ്മാൻ തസ്തികകളിലേക്ക് 2016 ഓഗസ്റ്റിൽ 300 പേരെ താൽക്കാലികമായി ബവ്കോ നിയമിച്ചിട്ടുണ്ട്. 2017–ലും ഇത്രയും പേരെ വീണ്ടും താൽക്കാലികമായി നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ചാരായത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നു വീണ്ടും ഹൈക്കോടതി ഉത്തരവിട്ടപ്പോൾ അതിനെതിരെ ബവ്കോ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2002–ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണു കോർപറേഷൻ വാദിക്കുന്നത്. ചാരായത്തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ഇടതു സർക്കാരും തങ്ങളെ വഞ്ചിച്ചുവെന്നും മരിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും മക്കൾക്കു ജോലി നൽകാമെന്നു പറയുന്നതിലൂടെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയാണെന്നും ചാരായത്തൊഴിലാളികൾ പറഞ്ഞു.

തുടർച്ചയായി കേസ് നടത്തി സാമ്പത്തികമായി തങ്ങൾ തകർന്നുപോയെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് അറുനൂറിൽപരം പഴയ ചാരായത്തൊഴിലാളികളാണു നിയമനത്തിന് അർഹരായുള്ളത്.