പഴയ കരാറിനുണ്ടോ ജിഎസ്ടി ടിഡിഎസ്

ജിഎസ്ടി ടിഡിഎസ് നിയമം പ്രാബല്യത്തിൽ വന്ന തീയതിക്കുമുൻപുള്ള കരാർ പ്രകാരം വാങ്ങിയ സാധനങ്ങൾക്ക്/സേവനങ്ങൾക്ക് ഇപ്പോൾ പണം നൽകുമ്പോൾ സ്രോതസ്സിൽ ജിഎസ്ടി ടിഡിഎസ് ബാധകമാവുമോ?

ടിഡിഎസ് നിയമം ഒക്ടോബർ ഒന്നിനാണു പ്രാബല്യത്തിൽ വന്നത് (50/2018 സെൻട്രൽ ടാക്സ് വിജ്ഞാപനം) കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങിയ ലോക്കൽ അതോറിറ്റികൾ, സർക്കാർ ഏജൻസികൾ, ബോർഡുകൾ, സർക്കാരിന് 51 ശതമാനത്തിലധികം ഓഹരിയുള്ള സൊസൈറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്കു മാത്രമാണ് ജിഎസ്ടി നിയമപ്രകാരം 2% ടിഡിഎസ് പിടിക്കാൻ ബാധ്യതയുള്ളത്. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ കരാർ മൂല്യമുള്ള കേസുകളിൽ ആണ് സ്രോതസ്സിൽ ജിഎസ്ടി പിടിക്കേണ്ടത് (കൃത്യം രണ്ടര ലക്ഷം രൂപയാണെങ്കിൽ വേണ്ട, രണ്ടര ലക്ഷം രൂപയിൽ കൂടുതലാവണം).

ഈ വിഷയത്തിൽ ജിഎസ്ടി കൗൺസിലിന്റെ ലോ കമ്മിറ്റി 28–9–2018ന് ഒരു റെഡി റക്കണർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ ഉദാഹരണസഹിതം ചോദ്യോത്തരങ്ങളും നടപടിക്രമങ്ങളും വിശദീകരിച്ചിട്ടുണ്ട്. 

1) 1–10–2018 ന് മുമ്പുള്ള ടാക്സ് ഇൻവോയ്സ് ആണെങ്കിൽ പേയ്മെന്റിൻമേൽ ജിഎസ്ടി സ്രോതസ്സിൽ പിടിക്കേണ്ടതില്ല (സപ്ലൈ 1–10–2018 ന് മുമ്പ്)

2) 1–7–2017 മുമ്പുള്ള വാറ്റ് നിയമപ്രകാരം സ്രോതസ്സിൽ വാറ്റ് പിടിക്കേണ്ടതായുള്ള കേസിൽ 1–7–2017നു ശേഷം പണം നൽകുമ്പോൾ ജിഎസ്ടി സ്രോതസ്സിൽ പിടിക്കേണ്ട.

3) റജിസ്ട്രേഷനില്ലാത്ത സപ്ലൈയർക്ക് പണം നൽകുമ്പോൾ സ്രോതസ്സിൽ ജിഎസ്ടി പിടിക്കേണ്ട.

4) റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ഉപഭോക്താവെന്ന നിലയിൽ ഡിസ്കറ്റി/പൊതുമേഖലാ സ്ഥാപനത്തിനാണ് ജിഎസ്ടി അടയ്ക്കാൻ ബാധ്യതയെങ്കിൽ സ്രോതസ്സിൽ ജിഎസ്ടി പിടിക്കാൻ പാടില്ല (ഉദാഹരണം വക്കീൽ ഫീസ്/ഫ്രെയിറ്റ്).

5) ഇൻവോയ്സിൽ ചാർജ് ചെയ്തിട്ടുള്ള ജിഎസ്ടി ഒഴിവാക്കിയുള്ള തുകയ്ക്ക് ടിഡിഎസ് പിടിച്ചാൽ മതി.

6) ജിഎസ്ടി ഒഴിവുള്ള ഉൽപന്നങ്ങൾ, സേവനങ്ങൾ, നോൺ ജിഎസ്ടി ഉൽപന്നങ്ങൾ (പെട്രോൾ, ഡീസൽ, മദ്യം) എന്നിവയ്ക്കു പണം നൽകുമ്പോൾ സ്രോതസ്സിൽ ടിഡിഎസ് വേണ്ട.

7) 1–10–2018നുമുൻപ് അഡ്വാൻസ് നൽകിയെങ്കിലും ഇൻവോയിസ് 1–10–2018ന് ശേഷമാണെങ്കിൽ, 1–10–2018ന് മുമ്പ് നൽകിയ അഡ്വാൻസ് തുകയിന്മേൽ ജിഎസ്ടി ടിഡിഎസ് വേണ്ട. ഉദാഹരണം കരാർ തുക 10 ലക്ഷം രൂപ, 1–10–2018ന് മുമ്പ് 3 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. ബാക്കി 7 ലക്ഷം രൂപ ഇപ്പോഴാണ് നൽകുന്നതെങ്കിൽ 7 ലക്ഷം രൂപയ്ക്ക് മാത്രം ജിഎസ്ടി ടിഡിഎസ് പിടിച്ചാൽ മതി.

8) കരാർ തീയതി 1–10–2018ന് മുമ്പ്, കരാർ തുക 10 ലക്ഷം രൂപ, 25–10–2018ലെ ഇൻവോയിസ് പ്രകാരം ഒന്നര ലക്ഷം രൂപ നൽകുകയാണെങ്കിൽ ജിഎസ്ടി ടിഡിഎസ് പിടിക്കണം (1–10–2018 ന് മുമ്പ് നടത്തിയ സപ്ലൈ ആണെങ്കിൽ മാത്രമാണം ഒഴിവ്. 

കരാർ തുക രണ്ടര ലക്ഷം രൂപയിൽ കൂടുതലായതിനാൽ നൽകുന്നത് ഒന്നര ലക്ഷം രൂപയാണെങ്കിലും സ്രോതസ്സിൽ ജിഎസ്ടി പിടിക്കണം.

9) കാർ റെന്റൽ സേവനങ്ങൾക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം നൽകുമ്പോൾ, രണ്ടര ലക്ഷം രൂപയിൽ താഴെയായതിനാൽ സ്രോതസ്സിൽ ജിഎസ്ടി വേണ്ട. പക്ഷെ രണ്ടര ലക്ഷം രൂപയിൽ കൂടുതലുള്ള ഒറ്റ കരാറിന്റെ ഭാഗമായിട്ടാണ് ഒന്നര ലക്ഷം രൂപ നൽകുന്നതെങ്കിൽ ടിഡിഎസ് പിടിക്കണം.

10) 5 ലക്ഷം രൂപയാണ് ഇൻവോയിസ് തുക. ഇതിൽ 2 ലക്ഷം രൂപ നികുതി ഒഴിവുള്ള സാധനങ്ങളും 3 ലക്ഷം രൂപ നികുതി ബാധകമായ ഉൽപന്നങ്ങളുമാണെങ്കിൽ 3 ലക്ഷം രൂപയ്ക്കു മാത്രം സ്രോതസ്സിൽ ജിഎസ്ടി പിടിച്ചാൽ മതി.