ഡിജിറ്റൽ ബാങ്കിങ്ങിൽ 20 വർഷം; ഐസിഐസിഐ ഐമൊബൈൽ പുതുക്കി

ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ 20 വർഷം പൂർത്തിയാക്കി ഐസിഐസിഐ ബാങ്ക്. 1998ലാണ് ബാങ്ക് ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് അവതരിപ്പിക്കുന്നത്. അതിനുശേഷം 2008ൽ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനും ബാങ്ക് പുറത്തിറക്കി. ഐമൊബൈൽ എന്ന പേരിലായിരുന്നു ഇത്.  2015ൽ ഡിജിറ്റൽ വാലറ്റും ബാങ്ക് ഉപഭോക്താക്കൾക്ക് സമർപ്പിച്ചു. ഇപ്പോൾ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വഴി 350ലേറെ സേവനങ്ങളും മൊബൈൽ ബാങ്കിങ് പ്ലാറ്റ്‌ഫോം വഴി 250ലേറെ സേവനങ്ങളും ലഭിക്കുന്നുണ്ട.്

വാർഷികാഘോഷങ്ങളുടെ 'ഭാഗമായി നിക്ഷേപ ഉപദേശങ്ങൾ നൽകുന്നതിനായി 'മണി കോച്ച്' ' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ  പുറത്തിറക്കി.  ഏതെല്ലാം മേഖലകളിലാണ് നിക്ഷേപിക്കേണ്ടതെന്ന് ശുപാർശ ചെയ്യുകയും നിക്ഷേപത്തിലെ മാറ്റങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന ആപ്പാണിത്.  കടലാസ് രഹിത കെവൈസി, മ്യൂച്വൽ ഫണ്ടുകൾക്കായി ഒറ്റ ക്ലിക് റജിസ്‌ട്രേഷൻ എന്നിവയാണ് ഇതിന്റെ പ്രത്യേകത. 

ശബ്ദം ഉപയോഗിച്ച് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുളള സംവിധാനവും ഇതിലുണ്ട്. ആപ്പിളിന്റെ സിരി സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്.

നിലവിൽ ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ഐമൊബൈലിന്റെ സ്ഥാനം വളരെ വലുതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 4.09 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇതുവഴി നടന്നത്.