സർക്കാരിന്റെ നയങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസമുയർത്തി:മോദി

ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനം ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു.

അഹമ്മദാബാദ് ∙ രാജ്യത്തു നടപ്പാക്കിവരുന്ന നയപരിപാടികളുടെ വിജയം ഇന്ത്യൻ ജനതയുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടേത് ഇന്ന് ഒരു തുറന്ന സമ്പദ്്‌വ്യവസ്ഥയാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ വർഷം നാളിതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതലായിരുന്നുവെന്നും ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി അവകാശപ്പെട്ടു. എന്നാൽ നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളിൽ പരാമർശങ്ങളൊന്നും നടത്തിയില്ല.

രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതോടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷക്കാലത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മുൻവർഷത്തെ അപേക്ഷിച്ചു 60 ശതമാനം കൂടുതലായിരുന്നു. മൊത്തം വിദേശ നിക്ഷേപം 13000 കോടി യുഎസ് ഡോളറാക്കാൻ കഴിഞ്ഞു. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യ മറ്റു ലോക രാഷ്ട്രങ്ങളെ പിന്നിലാക്കിയിരിക്കുകയാണ്.

രാജ്യത്തു നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇതിനു കാരണം. ഈ വിജയം കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരാനും ബിസിനസ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനുമുള്ള ഊർജം പകരുകയാണ്. ഏറ്റവും എളുപ്പത്തിലും വിജയകരമായും ബിസിനസ് നടത്താൻ പര്യാപ്തമായ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഈ സാമ്പത്തിക ഉദാരവൽക്കരണത്തിനായി എഫ്ഡിഐ രംഗത്തെ തുറന്നതടക്കമുള്ള ഒട്ടേറെ നടപടികളെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. ജിഎസ്ടി, ബൗദ്ധിക സ്വത്തവകാശ നിയമം, ബാങ്കിങ് നിയമങ്ങൾ കൊണ്ടുവരികയും സാമ്പത്തിക നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു. രാജ്യത്തെ ഡിജിറ്റൽ സമ്പദ്ശക്തിയാക്കാൻ കഴിഞ്ഞ കുറെ മാസങ്ങളായി അക്ഷീണ പരിശ്രമത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ യുവാക്കളുടേതാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരിലോരോരുത്തരിലേക്കും ജോലിയെത്തിക്കുക എന്ന കാര്യത്തിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.വിദേശത്തെയും ഇന്ത്യയിലെയും ഒട്ടേറെ വ്യവസായികൾ ഗുജറാത്തിൽ പുതിയ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു.