ഈ പിഞ്ചുകുട്ടിയെ സഹായിക്കില്ലേ?

ഏറ്റുമാനൂർ∙ അനീമിയ അസുഖം ബാധിച്ച ഒന്നേ കാൽ വയസുള്ള പിഞ്ചുകുട്ടി ചികിത്സാ ചിലവ് സ്വരൂപിക്കാനായി സഹൃദയമനസുകൾ ഒന്നിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്ന അസുഖമാണിത്. കുട്ടിക്ക് വളരെയധികം വിളർച്ചയും ഉണ്ട്.

കുറുമുള്ളൂർ ചാമക്കാലാ തച്ചേട്ടുപറമ്പിൽ കോളനിയിൽ ടി. ടി. ശ്രീകാന്തിന്റെയും സീതുവിന്റെയും മകൻ അഭിനവാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ജന്മനാ അന്ധത ബാധിച്ച ശ്രീകാന്തിന് ജോലികൾക്ക് ഒന്നും പോകാൻ കഴിയാത്തതിനാൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭാര്യ സീതുവിനും തൊഴിലില്ല. ശ്രീകാന്തിന്റെ അച്ഛൻ തങ്കപ്പനോടൊപ്പം തറവാട്ടിലാണ് താമസം. കുട്ടിക്ക് അഞ്ചു വയസു വരെ തുടർച്ചയായി ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലാണ് ചികിത്സ. ഇതു വരെ ഏകദേശം 50,000 രൂപ ഇതിനോടകം ചിലവായി. 25,000 രൂപ ഉടൻ കെട്ടി വെച്ച് ഓപ്പറേഷന് വിധേയനാക്കണം. ഇതിനു പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. രോഗത്തിന്റെ തീവ്രത മനസിലാക്കിയ കോളനിയിലെ വീട്ടമ്മമാർ സംഘം ചേർന്ന് പിരിവു നടത്തിയെങ്കിലും തുച്ഛമായ തുകയാണ് ലഭിച്ചത്. സന്മനസുള്ളവരുടെ കാരുണ്യം കാത്ത് കുട്ടിയുടെ മുത്തച്ഛന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി കാത്തിരിക്കുകയാണ് ഈ കുടുംബം.

ബാങ്ക് വിവരങ്ങൾ: പേര്– കെ. എം. തങ്കപ്പൻ, ഫെഡറൽ ബാങ്ക് കോതനല്ലൂർ ശാഖ. അക്കൗണ്ട് നമ്പർ: 17800100010606. ഐഎഫ്എസ് സി നമ്പർ – എഫ്ഡിആർഎൽ 0001780. ഫോൺ: 9745855509.