തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശരീരം തളർന്ന യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു

വൈക്കം ∙ വൈക്കപ്രയാർ വാലേപ്പറമ്പിൽ ബോബി മാത്യു (ബോബൻ-37) ആണ് ജീവിതത്തിലേക്കു തിരിച്ചുവരാൻ കരുണയുള്ള മനസുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ മൂന്നുമാസക്കാലമായി വൈക്കം ചെമ്മനാകരി ഇന്റോ അമേരിക്കൻ ബ്രെയിൻ ആന്റ് സ്പൈൻ സെന്ററിൽ ചികിത്സയിലാണ് നിർധനനായ ഈ യുവാവ്. കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു അപ്രതീക്ഷിതമായി തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശരീരം തളർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

ഇരുപത്തിനാല് മണിക്കൂറിനപ്പുറം ജീവിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം. അത്രയ്ക്ക് വലുതായിരുന്നു തലച്ചോറിലുണ്ടായ രക്തസ്രാവം. എന്നാൽ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.ജീവൻ എം.നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ പരിരക്ഷയിൽ ബോബന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ വീണ്ടും സജീവമായിത്തുടങ്ങി. ഒരു മാസത്തിലേറെ വെന്റിലേറ്ററിൽ കഴിഞ്ഞ ബോബൻ ഇപ്പോൾ ആശുപത്രികിടക്കയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ്.

സ്കൂൾ ബസ് ഡ്രൈവറായ ബോബന്റേത് നിർദ്ധന കുടുംബമാണ്. ഏഴും അഞ്ചും രണ്ടും വയസ്സുള്ള മൂന്നു പെൺമക്കൾ. മൂന്നാമത്തേതും പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ വരവേറ്റ നല്ല മനസ്സിനുടമയാണ് ഈ യുവാവ്. ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന ഇളയമകൾ ഏറെ നാളത്തെ ചികിത്സകൾക്കും എട്ടാം മാസത്തിൽ നടന്ന ശസ്ത്രക്രീയക്കും ശേഷമാണ് സാധാരണ നിലയിലായത്. ജീർണ്ണിച്ച് വീഴാൻ തുടങ്ങുകയായിരുന്ന ചെറ്റക്കുടിലിന്റെ സ്ഥാനത്ത് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു കൊച്ചുവീട് പണിതുയർത്തുന്നതിനിടെയായിരുന്നു ബോബി മാത്യു തളർന്നു വീണത്.

ഇതുവരെയുള്ള ചികിൽസക്ക് ലക്ഷങ്ങളാണ് വേണ്ടി വന്നത്. നാട്ടുകാർക്കെല്ലാം പ്രിയങ്കരനും സഹായിയുമായ ബോബനെ സഹായിക്കാൻ നാട്ടുകാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളുമടക്കം നിരവധി പേർ മുന്നോട്ടുവന്നു. കരുണയുടെ ആ കൈകളാണ് ബോബനെ മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വിളിച്ചത്. ആശുപത്രികിടക്കയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ ഇനിയും വളരെ ചെലവേറിയ തുടർ ചികിത്സ വേണം. അതിന് നല്ല മനസ്സുകളുടെ സഹായം മാത്രമാണ് ഈ നിർദ്ധന കുടുംബത്തിന്റെ ആശ്രയം.

ബോബി മാത്യുവിന്റെ ചികിത്സാ നിധി സ്വരൂപിക്കുന്നതിനായി ഷിനുവിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലയോലപ്പറമ്പ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ 33102581008.

ഐ. എഫ്.എസ്.സി കോഡ്: SBIN00014701.

ഇന്റോ അമേരിക്കൻ ആശുപത്രിയിലെ ഫോൺ നമ്പർ: 04829- 273281, 273282, 273283.