നട്ടെല്ലിനു പരുക്കേറ്റ യുവാവിന് വൃക്കസംബന്ധമായ അസുഖവും

പത്തനംതിട്ട ∙ മരത്തിൽ നിന്നു വീണു നട്ടെല്ലിനു പരുക്കേറ്റ യുവാവ് വൃക്കസംബന്ധമായ അസുഖത്തിന്റെയും പിടിയിൽ. അടിയന്തരമായി തിരുവനന്തപുരത്തെത്തിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണം കണ്ടെത്താൻ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് അമ്മ. റാന്നി കുടമുരുട്ടി കൊല്ലൻപറമ്പിൽ ശാന്തമ്മ സോമനാണ് മകന്റെ ജീവൻ തിരിച്ചുപിടിക്കാൻ വഴി തേടുന്നത്. ചികിൽസയ്ക്കായി 16 സെന്റും സ്ഥലവും വീടും വിറ്റു കഴിഞ്ഞ ഇവർ ഇപ്പോൾ വാടക വീട്ടിലാണ് താമസം.

ഏഴു മാസം മുൻപാണ് ഇവരുടെ മകൻ പ്രേംകുമാർ (26) മരത്തിൽ നിന്നു വീണത്. നട്ടെല്ലിനു ക്ഷതം പറ്റിയ പ്രേംകുമാറിനെ മൂന്നു മാസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒന്നര മാസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസിച്ചു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ച പ്രേംകുമാർ ഒരു മാസം അവിടെ കഴിഞ്ഞു. ഇക്കാലയളവിലെ മരുന്നിനും ചികിൽസയ്ക്കും വേണ്ടിയാണ് വീടും സ്ഥലവും വിറ്റത്.

കോഴ‍ഞ്ചേരിയിലെ ചികിൽസയ്ക്കു ശേഷം അയിരൂരിൽ ആയുർവേദ ചികിൽസയെ ആശ്രയിച്ചു. ഇവിടേക്ക് വാഹനത്തിൽ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവ് ശാന്തമ്മയ്ക്കു താങ്ങാവുന്നതിലധികമായിരുന്നു. അതിനിടെ വൃക്ക സംബന്ധമായ അസുഖം കണ്ടെത്തി. ഇതോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് വൃക്കയിലേക്കു പഴുപ്പു വ്യാപിക്കാൻ ഇടയുണ്ടെന്നും ഉടൻ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നും ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, പണം കണ്ടെത്താനാവാത്തതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് വിടുതൽ വാങ്ങിയിട്ടില്ല. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ശാന്തമ്മ സോമന്റെ പേരിൽ ഫെഡറൽ ബാങ്ക് അത്തിക്കയം ശാഖയിൽ‌ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ– 12470100111484. ഐഎഫ്എസ്‍സി കോഡ്– എഫ്ഡിആർഎൽ 0001247. ശാന്തമ്മയു ഫോൺ– 7560848179.