Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുർകീരത് സിങ് ടീമിൽ; ജഡേജയെ ഒഴിവാക്കി

sp-gurkeerat-singh-3col ഗുർകീരത് സിങ്.

ബെംഗളൂരു ∙ ബംഗ്ലദേശ് എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ തിളക്കമാർന്ന പ്രകടനം നടത്തിയ പഞ്ചാബ് ഓൾറൗണ്ടർ ഗുർകീരത് സിങ് മാന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം. കർണാടക സീമർ ശ്രീനാഥ് അരവിന്ദ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തുകയും ചെയ്തു. ശ്രീനാഥിനെ ട്വന്റി20 ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീമിൽ കാര്യമായ മാറ്റങ്ങളില്ല. മൂന്ന് ട്വന്റി20 മൽസരങ്ങളുടെയും ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങളുടെയും ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. മഹേന്ദ്ര സിങ് ധോണി തന്നെയാണ് നായകൻ. അടുത്തവർഷം മാർച്ചിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് കൂടി മുന്നിൽക്കണ്ടു നടത്തിയ സിലക്‌ഷനിൽ വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് സ്ഥാനം നിലനിർത്തി. അമിത് മിശ്ര ഏകദിന, ട്വന്റി20 ടീമുകളിലുണ്ട്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. രണ്ടു ടീമുകളിലും ജഡേജയ്ക്കു സ്ഥാനമില്ല. ടെസ്റ്റ് സ്പെഷലിസ്റ്റുകളായി കണക്കാക്കപ്പെടുന്ന ഇഷാന്ത് ശർമ, വരുൺ ആരോൺ എന്നിവരെ ഉൾപ്പെടുത്തിയില്ല.

വിരാട് കോഹ്‌ലി, സുരേഷ് റെയ്ന, രോഹിത് ശർമ, ശിഖർ ധവാൻ, രവിചന്ദ്ര അശ്വിൻ തുടങ്ങിയവർ രണ്ടു ടീമിലുമുണ്ട്. അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, മോഹിത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയവരും ഇരു ടീമിലും സ്ഥാനം കണ്ടെത്തിയവരാണ്. ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചു ചർച്ചപോലും ഉണ്ടായില്ലെന്നു സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടിൽ പറഞ്ഞു. ‘‘ഞങ്ങൾ അക്കാര്യം ഒന്നും ചർച്ച ചെയ്തില്ല. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾക്കു പൂർണ തൃപ്തിയുണ്ട്. ക്യാപ്റ്റനുള്ള പിന്തുണ ഈ പരമ്പരയിലും പഴയതുപോലെ തുടരും.’’– ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ധോണിയെ നീക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു പാട്ടീൽ ബോർഡിന്റെ നയം വ്യക്തമാക്കിയത്.

ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ടായിരുന്നു ടീം തിരഞ്ഞെടുപ്പെന്നു പാട്ടീൽ പറഞ്ഞു. ‘‘ ഗുർകീരത്തിന്റെ ഓൾറൗണ്ട് മികവാണ് പ്ലസ് പോയിന്റ്. ആവേശമുണർത്തുന്ന യുവതാരമാണ് ഗുർകീരത്. എ ടീമിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. ഒട്ടേറെ ചെറുപ്പക്കാർ മികവു കാട്ടിയതും ശ്രദ്ധേയമായി.’’– പാട്ടീൽ പറഞ്ഞു. പരുക്കിനെത്തുടർന്നു വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമി കളിയിൽ തുടർന്നും സജീവമാകുന്നതേയുള്ളുവെന്നും നാളെ ക്യാംപിനൊപ്പം ഷമി ചേർന്നു കഴിഞ്ഞതിനുശേഷം അവസാന തീരുമാനം കൈക്കൊള്ളുമെന്നും പാട്ടീൽ വ്യക്തമാക്കി. സിലക്‌ഷൻ കമ്മിറ്റിയംഗമായ റോജർ ബിന്നിയും ക്യാംപിലുണ്ടാവും. ടീമുകൾ: ട്വന്റി20– ധോണി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, സ്റ്റുവർട്ട് ബിന്നി, ആർ. അശ്വിൻ, അക്‌ഷർ പട്ടേൽ, ഹർഭജൻ സിങ്, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, അമിത് മിശ്ര, എസ്. അരവിന്ദ്. ആദ്യ മൂന്ന് ഏകദിനങ്ങൾ– ധോണി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, സ്റ്റുവർട്ട് ബിന്നി, ആർ. അശ്വിൻ, അക്‌ഷർ പട്ടേൽ, ഗുർകീരത് സിങ്, അമിത് മിശ്ര, ഭുവനേശ്വർകുമാർ, മോഹിത് ശർമ, ഉമേഷ് യാദവ്.