Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കു ചരിത്രവിജയം

Kusal Perera, Virat Kohli കുശാൽ പെരേര പുറത്തായപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആഹ്ലാദം.

കൊളംബോ∙ പരമ്പര കൈവിടാതിരിക്കാൻ കാവൽക്കാരനായി ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസ് നിലയുറപ്പിച്ചെങ്കിലും അവസാന സെഷനിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ ചരിത്ര ജയം. ഇന്ത്യയെ മടുപ്പിച്ച 135 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അരങ്ങേറ്റ താരം കുശാൽ പെരേര (70) മടങ്ങിയതോടെ കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു. 117 റൺസിനു ജയിച്ച ഇന്ത്യ 22 വർഷത്തിനു ശേഷം ലങ്കയിൽ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. സ്കോർ: ഇന്ത്യ: 312, 274, ശ്രീലങ്ക: 201, 268നു പുറത്ത്. ഇന്ത്യയ്ക്കു വേണ്ടി അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി.

ടെസ്റ്റിൽ 200–ാം വിക്കറ്റ് തികച്ച ഇഷാന്ത് ശർമ മൂന്നു വിക്കറ്റെടുത്തു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസ്(110), അരങ്ങേറ്റ താരേ കുശാൽ പെരേര (70) എന്നിവരാണ് ഇന്ത്യയെ ദിവസത്തിന്റെ പാതിയിലേറെ ചെറുത്തു നിന്നത്.മൂന്നിന് 67 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ലങ്കയ്ക്ക് നാലാം വിക്കറ്റ് പെട്ടെന്നു തന്നെ വീണു. ഏഴു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും കൗശൽ സിൽവ (27) മടങ്ങി. ഉമേഷ് യാദവിന്റെ പന്തിൽ ഷോർട്ട് മിഡ്‌വിക്കറ്റിൽ പൂജാരയ്ക്കു ക്യാച്ച്. ഇഷാന്തിന്റെയും ഉമേഷിന്റെയും ഉജ്വല സ്പെല്ലിനു ശേഷം അശ്വിൻ–മിശ്ര കൂട്ടുകെട്ട് തിരിച്ചെത്തിയതോടെ ലങ്കയുടെ അടുത്ത വിക്കറ്റും വീണു.

മാത്യൂസിനൊപ്പം പിടിച്ചു നിന്ന് ലങ്കയെ നൂറു കടത്തിയ തിരിമന്നെയെ അശ്വിന്റെ പന്തിൽ സില്ലി പോയിന്റിൽ രാഹുൽ പിടികൂടി. എന്നാൽ അവിടുന്നങ്ങോട്ട് ലങ്ക കളി തിരിച്ചു പിടിച്ചു. ആദ്യ ഓവറിൽ തന്നെ മാത്യൂസിനെ കീപ്പറുടെ കൈയ്യിലെത്തിച്ചെങ്കിലും ഇഷാന്തിന്റെ കാൽ ക്രീസ് വിട്ടു നോബാളായതിന്റെ വില ഇന്ത്യ അറിഞ്ഞു തുടങ്ങി. നിശ്ചയദാർഢ്യത്തോടെ ക്രീസിൽ നിന്ന മാത്യൂസിനു കൂട്ടായി കുശാൽ പെരേര എത്തിയതോടെ ഇന്ത്യയുടെ കാത്തിരിപ്പ് നീണ്ടു. അൻപതിൽ താഴെ സ്ട്രൈക്ക് റേറ്റുമായി മാത്യൂസ് നങ്കൂരമിട്ടു കളിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞെടുത്തു ശിക്ഷിച്ച് ബൗണ്ടറി കടത്തി പെരേര റൺസുമുയർത്തി. രണ്ടു പതിറ്റാണ്ടിനു ശേഷം ലങ്കൻ മണ്ണിൽ പരമ്പര ജയം എന്ന സ്വപ്നവുമായി രാവിലെ ഫീൽഡിങിനു വന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മുഖം മങ്ങി. മികച്ച ലെനിലും ലെങ്തിലും ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞെങ്കിലും എല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ലങ്കയുടെ ബാറ്റിങ്.

ലഞ്ചിനു പിരിയുമ്പോൾ അഞ്ചിന് 134 എന്ന നിലയിലായിരുന്ന ലങ്ക പിന്നീട് ഡ്രിങ്ക്‌സ് വരെ 13 ഓവറിൽ കൂട്ടിച്ചേർത്തത് 49 റൺസ്. എട്ടു ഓവർ പിന്നിട്ടപ്പോഴേക്കും സ്കോർ ഇരട്ട ശതകം കടന്നു. അരങ്ങേറ്റ ടെസ്റ്റിൽ അത്യുജ്വല ഇന്നിങ്സുമായി 89 പന്തിൽ പെരേര അർധ സെഞ്ചുറി തികച്ചു. എട്ടു ഫോറുകൾ സഹിതം. പിന്നാലെ മാത്യൂസ് സെഞ്ചുറിയും കുറിച്ചതോടെ ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷയിലെ ശൗര്യവും പോയിത്തുടങ്ങി. തങ്ങളുടെ ഗെയിംപ്ലാൻ ക്യാപ്റ്റന്റെ നേതൃത്വത്തിൽ സമർഥമായി നടപ്പാക്കി വരുന്നതിനിടെയാണ് അപ്രതീക്ഷമായി അശ്വിൻ ഇന്ത്യ കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

മനസാന്നിധ്യം ഒരുവേള നഷ്ടമായി റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച പെരേര പോയിന്റിൽ രോഹിതിന്റെ കയ്യിലെത്തിയപ്പോൾ ഇന്ത്യ തുള്ളിച്ചാടി. ഇന്ത്യൻ താരങ്ങളുടെ അമിത ആഹ്ലാദപ്രകടനത്തിൽ കലഹിച്ചാണ് പെരേരെ ക്രീസ് വിട്ടതും. ചായക്കു പിന്നാലെ പുതിയ പന്തെടുത്തതിനു ശേഷം തന്റെ 200–ാം ടെസ്റ്റ് വിക്കറ്റായി ഇഷാന്ത്, മാത്യൂസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ കളി വീണ്ടും ഇന്ത്യയ്ക്കനുകൂലമായി. ഹെറാത്തിനെയും പ്രസാദിനെയും മടക്കി അശ്വിൻ ഇന്ത്യയെ വിജയത്തിനരികിലെത്തിച്ചു. ഒടുവിൽ മിശ്രയുടെ പന്തിൽ നുവാൻ പ്രദീപ് വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ ഇന്ത്യ കാത്തിരുന്ന ജയം.

സ്കോർ ബോർഡ്

ഇന്ത്യ: ഇന്ത്യ: 312, 274, ശ്രീലങ്ക: ഒന്നാം ഇന്നിങ്സ് 201 ശ്രീലങ്ക രണ്ടാം ഇന്നിങ്സ് തരംഗ സി ഓജ ബി ഇഷാന്ത്–പൂജ്യം, കൗശൽ സിൽവ സി പൂജാര ബി ഉമേഷ്–27, കരുണരത്‌നെ സി ഓജ ബി ഉമേഷ്–പൂജ്യം, ചണ്ഡിമൽ സി കോഹ്‌ലി ബി ഇഷാന്ത്–18, മാത്യൂസ് എൽബി ഇഷാന്ത്–110, തിരിമന്നെ സി രാഹുൽ ബി അശ്വിൻ–12, കുശാൽ പെരേര സി രോഹിത് ബി അശ്വിൻ–70, ഹെറാത്ത് എൽബി അശ്വിൻ–11, കൗശൽ സിൽവ– ഒന്ന് നോട്ടൗട്ട്, പ്രസാദ് സി ബിന്നി ബി അശ്വിൻ–ആറ്, പ്രദീപ് എൽബി മിശ്ര–പൂജ്യം. എക്സ്ട്രാസ്–13. ആകെ 85 ഓവറിൽ 268നു പുറത്ത്

വിക്കറ്റ് വീഴ്ച: 1–1, 2–2, 3–21, 4–74, 5–107, 6–242, 7–249, 8–257, 9–263, 10–268 ബോളിങ്; ഇഷാന്ത് 19–5–32–3, ഉമേഷ് യാദവ് 15–3–65–2, ബിന്നി 13–3–49–0, മിശ്ര 18–1–47–1, അശ്വിൻ 20–2–69–4.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.