Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കോഹ്‌ലിക്കരുത്തി'ൽ ദക്ഷിണാഫ്രിക്കയെ 35 റൺസിന് തകർത്ത് ഇന്ത്യ; പരമ്പരയിൽ ഒപ്പം

Virat Kohli

ചെന്നൈ∙ ഇന്ത്യൻ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന സ്വപ്നവുമായെത്തിയ ദക്ഷിണാഫ്രിക്കയെ 35 റൺസിന് തകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി (2–2). വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യയുയർത്തിയ 300 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക സധൈര്യം ബാറ്റേന്തിയെങ്കിലും നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടാനെ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയിൽനിന്ന് വിജയം തട്ടിപ്പറിക്കുകയായിരുന്നു. റബഡ (8), താഹിർ (4) എന്നിവർ പുറത്താകാതെ നിന്നു. സ്കോർ: ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടിന് 299, ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതിന് 264. സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്ന വിരാ‍ട് കോഹ്‌ലിയാണ് കളിയിലെ കേമൻ.

107 പന്തിൽ 10 ബൗണ്ടറികളും 2 സിക്സുമുൾപ്പെടെ 112 റൺസെടുത്ത ഡിവില്ലിയേഴ്സ് അവസാനംവരെ പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാനായില്ല. ഡിവില്ലിയേഴ്സിന് പുറമെ ഡികോക്ക് (43), ഡുപ്ലേസി (17), ബെഹർദീന് (22), ഫാങ്ഗിസോ (20) എന്നിവർക്ക് മാത്രമേ ദക്ഷിണാഫ്രിക്കാൻ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്നും ഹർഭജൻ സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി. 2006ന് ശേഷം ഏകദിനത്തിൽ രണ്ടു തവണ മാത്രമേ ദക്ഷിണാഫ്രിക്ക 280ൽ അധികം റൺസ് പിന്തുടർന്ന് വിജയം നേടിയിട്ടുള്ളൂ.

നേരത്തെ, തകർപ്പൻ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലിയുടെയും (138) അർധസെഞ്ചുറി കുറിച്ച സുരേഷ് റെയ്നയുടെയും (53) മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി. 42.3 ഓവറിൽ ആറു വിക്കറ്റു ശേഷിക്കെ 250 റൺസ് കടന്ന ഇന്ത്യയ്ക്ക് കുറഞ്ഞത് 330 റൺസ് എങ്കിലും നേടാമായിരുന്നെങ്കിലും അവസാന ഓവറുകളിൽ നിയന്ത്രിച്ച് പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയെ 300 കടക്കാൻ അനുവദിച്ചില്ല. അവസാന അഞ്ച് ഓവറിൽ വെറും 29 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. നാലു വിക്കറ്റുകളും നഷ്ടപ്പെടുത്തി.

114 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ സെഞ്ചുറി. 140 പന്തിൽ ആറു ബൗണ്ടറികളുടെയും അഞ്ചു സിക്സിന്റെയും പിൻബലത്തിൽ 138 റൺസെടുത്ത കോഹ്‌ലി 49–ാം ഓവറിലാണ് പുറത്തായത്. 96ൽ നിന്നും സിക്സർ നേടിക്കൊണ്ടായിരുന്നു സെഞ്ചുറിയിലേക്കുള്ള കോഹ്‌ലിയുടെ രാജകീയ കുതിപ്പ്. കോഹ്‌ലിയുടെ 23–ാം ഏകദിന സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യത്തേതും. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, സ്റ്റെയിൻ എന്നിവർ മൂന്നും മോറിസ് ഒരു വിക്കറ്റും നേടി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 35ല്‍ നിൽക്കെ ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനെയും(7) രോഹിത് ശർമയേയും(21) നഷ്ടമായി. ഓപ്പണർമാർ രണ്ടുപേരെയും പെട്ടെന്നുതന്നെ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പവും (104) നാലാം വിക്കറ്റിൽ റെയ്നയ്ക്കൊപ്പവും (127) സെഞ്ചുറി കൂട്ടുകെട്ട് തീർത്ത കോഹ്‌ലിയാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലെത്തിച്ചത്. രഹാനെ 45 റൺസെടുത്ത് പുറത്തായി. അവസാന അഞ്ച് ഓവറിൽ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് വെറും 29 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ധോണി (16 പന്തിൽ 15), ഹർഭജൻ (1 പന്തിൽ 0), ഭുവനേശ്വർ കുമാർ (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. അക്ഷർ പട്ടേൽ (നാലു പന്തിൽ നാല്) പുറത്താകാതെ നിന്നു.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.