Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20: ഇന്ത്യയ്ക്ക് 28 റൺസ് ജയം, ഭുവനേശ്വറിന് അഞ്ച് വിക്കറ്റ്

India ദക്ഷിണാഫ്രിക്കയുടെ വിക്കറ്റു വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. ചിത്രം– ബിസിസിഐ ട്വിറ്റർ

ജൊഹാനസ്ബർഗ്∙ ഏകദിന പരമ്പരയിൽ വമ്പൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്കു ട്വന്റി20യിലെ ആദ്യ മല്‍സരത്തിലും മിന്നും ജയം. ഒന്നാം ട്വന്റി20യിൽ 28 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളു. അഞ്ച് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറിന്റെ മാസ്മരിക പ്രകടനമാണു ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടത്.

ആദ്യ ട്വന്റി20 അർധ സെഞ്ചുറി നേടിയ റീസ ഹെൻറിക്സിന്റെ മികവു കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ സ്കോറിനെ മുന്നോട്ടുനയിച്ചു. 50 പന്തുകളിൽ 70 റൺസ് ഹെൻറിക്സ് നേടി. സ്മുട്സ് (ഒൻപത് പന്തിൽ 14), ജെ.പി. ഡുമിനി (ഏഴു പന്തിൽ മൂന്ന്), ഡേവിഡ് മില്ലർ (അഞ്ച് പന്തിൽ ഒൻപത്), ബഹർദിയാൻ (27 പന്തിൽ 39), ക്ലാസൻ (എട്ടു പന്തിൽ 16), പെഹ്‍ലുക്വായോ (എട്ടു പന്തിൽ 13), ക്രിസ് മോറിസ് (പൂജ്യം), പീറ്റേഴ്സൺ (രണ്ട്) എന്നിങ്ങനെയാണു പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോറുകൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീഴുന്നത് 29–ാം റൺസിലാണ്. ജെ.ജെ. സ്മുട്ട്സ്, ശിഖർ ധവാനു ക്യാച്ച് നല്‍കി പുറത്തേക്ക്. ക്യാപ്റ്റൻ ജെ.പി. ഡുമിനി മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി. പാണ്ഡ്യയുടെ പന്തില്‍ ധവാന് ക്യാച്ച് നൽകി ഡേവിഡ് മില്ലറും മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഫര്‍ഹാൻ ബഹര്‍ദിയാൻ, അർധ സെഞ്ചുറി നേടിയ റീസ ഹെൻറിക്സിനെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനം ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർത്തി.

bhuvi-bowling ഭുവനേശ്വർ കുമാറിന്റെ ബോളിങ്.ചിത്രം– ബിസിസിഐ ട്വിറ്റർ

37 പന്തിലാണ് ഹെൻറിക്സ് അർധ സെഞ്ചുറി നേടിയത്. സ്കോർ 129ൽ നിൽക്കെ ഈ കൂട്ടുകെട്ട് ചാഹൽ തകർത്തു. മനീഷ് പാണ്ഡെയ്ക്കു ക്യാച്ച് നല്‍കി ബഹർദിയാൻ പുറത്ത്. ഭുവനേശ്വറിന്റെ പന്തിൽ ധോണിക്കു ക്യാച്ച് നൽകി ഹെൻറിക്സും കൂടാരം കയറി. തുടർന്നും വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ക്ലാസൻ, ക്രിസ് മോറിസ് എന്നിവരുടെയും വിക്കറ്റുകൾ ഭുവി സ്വന്തമാക്കി. ഡേൻ പീറ്റേഴ്സണ്‍ റണ്ണൗട്ടായി. മുൻ നിര ബാറ്റ്സ്മാൻമാര്‍ പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം 175 റൺസിൽ‌ അവസാനിച്ചു. ദക്ഷിണാഫ്രിക്കൻ നിരയിൽ ജൂനിയർ ഡാല, ടി. ഷംസി എന്നിവർ പുറത്താകാതെ നിന്നു.

bhuvi മൽസരത്തിനിടെ ഭുവനേശ്വർ കുമാർ. ചിത്രം– ബിസിസിഐ ട്വിറ്റർ

അന്തകനായി ഭുവി

ആദ്യാവസാനം ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ ചെറുക്കുന്നതിൽ നിർണായകമായത് ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാറിന്റെ പ്രകടനമായിരുന്നു. നാലോവറിൽ 24 റൺസ് വിട്ടുകൊടുത്ത് ഭുവനേശ്വർ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വറിന്റെ പന്തുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാൻമാർക്ക് ആകെ നേടാനായത് രണ്ടു ബൗണ്ടറികൾ മാത്രമാണ്. സ്മുട്സ്, ഹെൻറിക്സ്, ഡുമിനി, ക്ലാസന്‍, ക്രിസ് മോറിസ് എന്നിവരുടെ വിക്കറ്റുകളാണു ഭുവനേശ്വർ സ്വന്തമാക്കിയത്. ട്വന്റി20യിൽ ഭുവനേശ്വറിന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ജൊഹാനസ്ബർഗിലേത്. ജയ്ദേവ് ഉനദ്ഘട്ട്, പാണ്ഡ്യ, ചാഹൽ എന്നിവരും ഓരോ വിക്കറ്റു വീതം വീഴ്ത്തി.

വമ്പനടികളുമായി ഇന്ത്യ

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പണര്‍ ശിഖർ ധവാൻ അർധസെഞ്ചുറി നേടി. രോഹിത് ശർമ (ഒൻപത് പന്തിൽ 21), സുരേഷ് റെയ്ന (ഏഴ് പന്തിൽ 15), വിരാട് കോഹ്‍ലി (20 പന്തില്‍ 26), ശിഖർ ധവാൻ (39 പന്തിൽ 72), എം.എസ്.ധോണി (11 പന്തിൽ 16) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. മനീഷ് പാണ്ഡെ (27 പന്തിൽ 29), ഹാർദിക് പാണ്ഡ്യ (ഏഴു പന്തിൽ 13) എന്നിവർ പുറത്താകാതെ നിന്നു.

വമ്പനടികളുമായാണ് ആദ്യ ഓവറിൽ തന്നെ ഇന്ത്യ കളംനിറഞ്ഞത്. ഒന്നാം ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറുമാണു രോഹിത് ശർമ അടിച്ചത്. ആകെ 18 റൺസ്. എന്നാൽ രണ്ടാം ഓവറിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജൂനിയര്‍ ഡാലയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് നൽകി രോഹിത് പുറത്തായി.

രണ്ടാമനായെത്തിയതു സുരേഷ് റെയ്ന. ഒരു സിക്സറും രണ്ടു ഫോറുകളും പറത്തിയ റെയ്നയെയും ഡാലയാണു പുറത്താക്കിയത്. അഞ്ചോവർ പൂർത്തിയാകുമ്പോഴെക്കും ഇന്ത്യൻ സ്കോർ 60 കടന്നു. ശിഖർ ധവാനും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ചേർന്നു സ്കോർ 100 കടത്തി. 108ൽ നിൽക്കെ വിരാട് കോഹ്‍ലി പുറത്തായി.

dawan അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്‍. ചിത്രം– ബിസിസിഐ ട്വിറ്റർ

തബ്രിസ് ഷംസിയുടെ പന്തിൽ എൽബിഡബ്ലിയു ആയാണു കോഹ്‍ലിയുടെ മടക്കം. അർധ സെഞ്ചുറി നേടിയ ധവാൻ അനാവശ്യ ഷോട്ടിനു മുതിർന്നാണു പുറത്തായത്. പെഹ്‍ലുക്വായോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ധവാൻ മടങ്ങി. എം.എസ്. ധോണിക്കും വലിയ സ്കോർ കണ്ടെത്താനായില്ല. ക്രിസ് മോറിസിനു വിക്കറ്റ് സമ്മാനിച്ചാണു ധോണിയുടെ പുറത്താകൽ.

അർധസെഞ്ചുറിയിൽ ധവാൻ

ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത് അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ പ്രകടനമായിരുന്നു. ട്വന്റി20 കരിയറിലെ നാലാം അർധ സെഞ്ചുറിയുമായാണു ധവാൻ മടങ്ങിയത്. 39 പന്തുകൾ മാത്രം നേരിട്ടു ധവാൻ 72 റൺസ് നേടി. രണ്ടു സിക്സറുകളും പത്ത് ഫോറുകളും ധവാൻ അടിച്ചുകൂട്ടി. 80 റൺസാണ് ധവാന്റെ ട്വന്റി20യിലെ ഉയർന്ന സ്കോർ.

Ravi Shasthri Kohli
related stories