Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം; ചരിത്രനേട്ടത്തിന് ഇന്ത്യ കാത്തിരിക്കണം

India മൽസര ശേഷം ഇന്ത്യൻ താരങ്ങൾ

ജൊഹാനസ്ബർഗ്∙ തുടർച്ചയായ നാലാം ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാൻ മോഹിച്ചിറങ്ങിയ ടീം ഇന്ത്യയ്ക്കു തിരിച്ചടി. മഴയും മിന്നലും ഇടവേളകളിൽ രസം കെടുത്തിയ ജൊഹാനസ്ബർഗ് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റിന്റെ ജയം. മഴ നിയമപ്രകാരം പുനർനിർണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടിയിരുന്നു. 

ആഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പരമ്പരയെന്ന നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്കിനി രണ്ടവസരം കൂടിയുണ്ട്. 13ന് പോർട്ട് എലിസബത്തിലോ 16ന് സെഞ്ചൂറിയനിലോ ജയിച്ചാലും പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. പക്ഷേ പരമ്പര നേട്ടത്തിന്റെ മാറ്റുകുറയുമെന്നു മാത്രം. 2010–11ൽ 2–1ന് ലീഡെടുത്ത ശേഷം അഞ്ചു മല്‍സരങ്ങളുള്ള പരമ്പര 3–2ന് വിട്ടുകളഞ്ഞതാണ് ദക്ഷിണാഫ്രിക്കയിൽ ഇതിനു മുൻപ്  ഇന്ത്യയുടെ  മികച്ച പ്രകടനം.

പുറത്താകാതെ 27 പന്തുകളിൽ നിന്നു 43 റൺസെടുത്ത ഹെൻറിക് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഏഡൻ മർ‌ക്‌‍റാം ( 23 പന്തിൽ 22), ഹാഷിം ആംല (40 പന്തിൽ 33), ജെ.പി. ഡുമിനി (14 പന്തിൽ 10), എ.ബി. ഡിവില്ലിയേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39) എന്നിങ്ങനെയാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോറുകൾ. 23 റൺസ് നേടി പെഹ്‍ലുക്വായോവും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റും ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

South Africa India Cricket വിക്കറ്റ് വീഴ്ത്തിയ ബുംമ്രയെ അഭിനന്ദിക്കുന്ന ഇന്ത്യൻ‌ നായകൻ വിരാട് കോഹ്‍ലി

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മർക്‌‍റാമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ബുംമ്രയാണ് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് നേടിയത്. ഒരു വിക്കറ്റിന് 43 റൺസെന്ന നിലയില്‍ നിൽക്കെ മഴ വില്ലനായെത്തി. പിന്നീട് മഴ നിയമപ്രകാരം 290 എന്ന വിജയലക്ഷ്യം 202 ആക്കി പുനർനിർണയിക്കുകയായിരുന്നു. മൽസരം 28 ഓവറാക്കി ചുരുക്കുകയും ചെയ്തു. 10 റൺസെടുത്ത ജെ.പി.ഡുമിനിയെ കുൽദീപ് യാദവ് പുറത്താക്കി. കുൽദീപിന്റെ തന്നെ പന്തില്‍ ഭുവനേശ്വർ കുമാറിനു ക്യാച്ച് നൽകി ഹാഷിം ആംലയും പുറത്തായി. പരുക്ക് മാറി തിരിച്ചെത്തിയഎ.ബി.ഡിവില്ലിയേഴ്സ് 26 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്. ഡേവിഡ് മില്ലറിനെ ചാഹലും പുറത്താക്കി.

ഇന്ത്യ ഏഴു വിക്കറ്റിന് 289

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ‌ 289 റൺസാണ് നേടിയത്. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെത്തിയത്. 105 പന്തുകൾ നേരിട്ട് 109 റൺസെടുത്താണ് ധവാൻ പുറത്താകുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി അർധ സെഞ്ചുറി നേടി. രോഹിത് ശർമ (19 പന്തിൽ 5), വിരാട് കോഹ്‍ലി (83 പന്തിൽ 75), അജിങ്ക്യ രഹാനെ (15 പന്തിൽ എട്ട്), ശ്രേയസ് അയ്യർ (21 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (13 പന്തിൽ ഒൻപത്),ഭുവനേശ്വർ കുമാർ (ഏഴു പന്തിൽ അഞ്ച്) എന്നിവരാണ് ധവാനു പുറമെ പുറത്തായ ഇന്ത്യൻ താരങ്ങള്‍. എംഎസ്. ധോണി(43 പന്തിൽ 42), കുൽദീപ് യാദവ് എന്നിവര്‍ പുറത്താകാതെനിന്നു. മുപ്പത്തിയഞ്ചാം ഓവറിലെത്തി നിൽകെ മോശം കാലാവസ്ഥയെ തുടർന്ന് കളി തടസപ്പെട്ടെങ്കിലും അൽപസമയത്തിനുള്ളിൽ കളി പുനരാരംഭിച്ചു.

CRIKCET-RSA-IND-ODI ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയ ശിഖർ ധവാൻ

ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ, എൻഗിഡി എന്നിവർ രണ്ടു വിക്കറ്റു വീതവും ക്രിസ് മോറിസ്, മോണി മോർക്കൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. റബാഡയെറിഞ്ഞ പന്തില്‍ അദ്ദേഹത്തിനു തന്നെ ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. നാലാം മൽസരത്തിലും തിളങ്ങാൻ കഴിയാതിരുന്നത് രോഹിതിന് തിരിച്ചടിയാകും. ഡേവിഡ് മില്ലറിന് ക്യാച്ച് നൽകി ഇന്ത്യൻ ക്യാപ്റ്റനും പുറത്തായി. മോണി മോർക്കലിന്റെ പന്തിൽ എബി ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകിയാണ് ധവാൻ മടങ്ങിയത്. എൻഗിഡിയുടെ പന്തിൽ റബാഡയ്ക്കു ക്യാച്ച് സമ്മാനിച്ചു എട്ടു റൺസ് മാത്രമെടുത്ത രഹാനെയും കൂടാരം കയറി. എൻഗിഡിക്കു രണ്ടാം വിക്കറ്റു സമ്മാനിച്ചാണ് ശ്രേയസ് അയ്യർ മടങ്ങിയത്. മികച്ച സ്കോർ കണ്ടെത്താനാകാതെ റബാഡയുടെ പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായി. ഭുവനേശ്വർ കുമാറിനെ ഡേവിഡ് മില്ലർ റണ്ണൗട്ടാക്കുകയായിരുന്നു.

സെഞ്ചുറി കളിയിൽ സെഞ്ചുറിയടിച്ച് ധവാന്‍

ശിഖര്‍ ധവാന്റെ നൂറാം ഏകദിന മൽസരമായിരുന്നു ഇത്. നൂറാം ഏകദിനത്തിൽ നൂറ് റൺസ് എന്ന സുവർണ നേട്ടമാണ് ധവാനു ലഭിച്ചത്. 99 പന്തുകളിൽ നിന്നാണ് ധവാൻ കരിയറിലെ 13–ാം ഏകദിന സെഞ്ചുറി കുറിച്ചത്. പത്തു ഫോറും രണ്ടു സിക്സറും പറത്തിയായിരുന്നു സെഞ്ചുറിയിലേക്കുള്ള വരവ്. ക്രിക്കറ്റിൽ നൂറാം മൽസരത്തിൽ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ താരമാണ് ധവാൻ; ആദ്യത്തെ ഇന്ത്യക്കാരനും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിൽ കോഹ്‍ലിയും ധവാനും ചേർന്ന് നൂറ് റൺസ് കൂട്ടിച്ചേർക്കുന്ന രണ്ടാമത്തെ മൽസരം കൂടിയായിരുന്നു ഇത്. നാലാം ഏകദിനത്തിൽ 158 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നു കെട്ടിപ്പടുത്തത്.

ഇത് എട്ടാം തവണയാണ് കോഹ്‍‍ലിയും ധവാനും രണ്ടാം വിക്കറ്റിൽ നൂറ് റൺസിനു മുകളിലുള്ള കൂട്ടുകെട്ടുയർത്തുന്നത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ കാര്യത്തിൽ രാഹുൽ ദ്രാവിഡ്– സൗരവ് ഗാംഗുലി സഖ്യത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ ഈ മൽസരത്തോടെ ഇവർക്കു സാധിച്ചു.

related stories