Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഞ്ചുറി നേട്ടത്തിൽ കോഹ്‍ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ജയം

India സെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയുടെ ആഹ്ലാദം.ചിത്രം– ബിസിസിഐ ട്വിറ്റര്‍

സെഞ്ചൂറിയൻ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റൺസ് വിജയലക്ഷ്യം 107 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (96 പന്തിൽ 129), അജിങ്ക്യ രഹാനെ (50 പന്തിൽ 34) എന്നിവർ ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. ജയത്തോടെ പരമ്പരയിലെ മികവ് ഇന്ത്യ 5–1 ആക്കി ഉയർത്തി. അവസാന മൽസരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി തന്നെയാണ് മാൻ ഓഫ് ദ് മാച്ച്, സീരീസ് കരസ്ഥമാക്കിയത്.

ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ വീഴ്ത്താൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞത്. ശിഖർ ധവാൻ ( 34 പന്തിൽ 18), രോഹിത് ശർമ (13 പന്തിൽ 15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. എൻഗിഡിയുടെ പന്തിലായിരുന്നു ഇരുവരുടെയും പുറത്താകല്‍.

മാണിക്യമലരായി കോഹ്‍ലി.... പരമ്പരയിൽ മൂന്നാം സെഞ്ചുറി

ആറു മല്‍സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്‍ലിയുടെ മൂന്നാം സെഞ്ചുറിയാണിത്. ഫെബ്രുവരി ഒന്നിന് ഡർബനിലും ഏഴിന് കേപ്ടൗണിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്‍ലി സെഞ്ചുറി നേടിയിരുന്നു. ജൊഹാനസ്ബർഗിലെ കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറിയും ഇന്ത്യൻ നായകൻ സ്വന്തമാക്കി. 82– പന്തുകളിലാണ് കോഹ്‍ലി 35–ാം സെഞ്ചുറി കുറിച്ചത്. 96 പന്തിൽ 129 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്കും നയിച്ചു. 19 ഫോറുകളും രണ്ടു സിക്സറും അടിച്ചാണ് കോഹ്‍ലിയുടെ സെഞ്ചുറി നേട്ടം.

ഏകദിന സെഞ്ചുറികൾക്കു പുറമെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റിലും കോഹ്‍ലി സെഞ്ചുറി തികച്ചിരുന്നു. സെഞ്ചൂറിയനിൽ തന്നെ നടന്ന രണ്ടാം ടെസ്റ്റിൽ കോഹ്‍ലി 153 റൺസ് നേടിയിരുന്നു. ഏകദിന കരിയറിൽ കോഹ്‍ലിയുടെ 35–ാം സെഞ്ചുറിയാണ് കോഹ്‍ലി ഇന്നത്തെ കളിയിൽ സ്വന്തമാക്കിയത്.

എറിഞ്ഞൊതുക്കി ഇന്ത്യ

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തീരുമാനം ശരിവച്ച് നാലു വിക്കറ്റു നേടിയ ഷാർദൂൽ താക്കൂർ, രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ചാഹൽ എന്നിവർ ചേർന്നു ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലേക്ക് എറിഞ്ഞൊതുക്കി. 46.5 ഓവറിൽ‌ 204 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി.  ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

ഖായ സോണ്ടോ ദക്ഷിണാഫ്രിക്കയ്ക്കായി അർ‌ധസെഞ്ചുറി നേടി. 74 പന്തുകൾ നേരിട്ട സോണ്ടോ 54 റൺസുമായാണ് മടങ്ങിയത്. എയ്ഡൻ മർക്‌‍റാം (30 പന്തിൽ 24), ഹാഷിം ആംല (19 പന്തിൽ 10), എബി ഡിവില്ലിയേഴ്സ് (34 പന്തിൽ 30), ക്ലാസൻ (40 പന്തിൽ 22), ഫർഹാൻ ബഹാര്‍ദീൻ (അഞ്ചു പന്തിൽ ഒന്ന്), ക്രിസ് മോറിസ് (എട്ടു പന്തിൽ നാല്), മോണി മോർക്കല്‍ (19 പന്തിൽ 20), ഇമ്രാൻ താഹിർ (എട്ടു പന്തിൽ 2), പെഹ്‍ലുക്വായോ (42 പന്തിൽ 34) എന്നിങ്ങനെയാണു പുറത്തായ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.

india വിക്കറ്റു നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ദക്ഷിണാഫ്രിക്കൻ സ്കോർ 23 ൽ നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റു വീണത്. താക്കൂറിന്റെ പന്തിൽ ധോണിക്കു ക്യാച്ച് നൽകി ഹാഷിം ആംല പുറത്തായി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർക്‌‍റാമിനെയും താക്കൂർ തന്നെ പുറത്താക്കി. എബി ഡിവില്ലിയേഴ്സിനെ യുസ്വേന്ദ്ര ചാഹലിന്റെ പന്തിൽ ബൗൾഡായി. സോണ്ടോയെയും ചാഹൽ പുറത്താക്കി.

ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിരാട് കോഹ്‍ലിക്ക് ക്യാച്ച് നൽകി ഹെൻറിച് ക്ലാസൻ മടങ്ങി. ഫർഹാൻ ബഹാര്‍ദീൻ, പെഹ്‍ലുക്വായോ എന്നിവരും ഷാർദൂൽ താക്കൂറിന്റെ വിക്കറ്റിനു മുന്നിൽ കുടുങ്ങി. കുൽദീപ് യാദവിന്റെ പന്തിൽ ക്രിസ് മോറിസിനെ ശിഖർ ധവാൻ പിടിച്ചെടുത്തു. പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മോണി മോർക്കലും ബുമ്രയ്ക്കു രണ്ടാം വിക്കറ്റു സമ്മാനിച്ച് ഇമ്രാൻ താഹിറും പുറത്തായി.

ദക്ഷിണാഫ്രിക്കയുടെ സോണ്ടോ, ഇന്ത്യയുടെ ഷാർദൂൽ

രാജ്യാന്തര ഏകദിനക്രിക്കറ്റിൽ അടുത്തിടെ മാത്രം തുടക്കം കുറിച്ചവർ തിളങ്ങിയ മൽസരത്തിൽ ഇന്ത്യയ്ക്കായി മൂന്നാം ഏകദിന മൽസരം കളിക്കുന്ന ഷാർദൂൽ താക്കൂർ നാലു വിക്കറ്റു സ്വന്തമാക്കി കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. 8.5 ഓവറിൽ 52 റൺസ് വിട്ടുകൊടുത്താണ് താക്കൂർ നാലു വിക്കറ്റുകൾ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർക്‌റാം, ഹാഷിം ആംല, ഫർഹാൻ ബഹാര്‍ദീൻ, പെഹ്‍ലുവായോ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് ഷാർദൂല്‍ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കൻ താരം ഖായ സോണ്ടോ അർധ സെഞ്ചുറിയുമായാണ് പുറത്തായത്. മൂന്നാം മല്‍സരത്തിനിറങ്ങിയ സോണ്ടോ രണ്ടു സിക്സറുകളും മൂന്നു ഫോറുകളും പറത്തി. യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്കു ക്യാച്ചു നൽകിയായിരുന്നു സോണ്ടോയുടെ മടക്കം.

ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാറിനു പകരം യുവതാരം ഷാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ആറാം ഏകദിനത്തിന് ഇറങ്ങിയത്. അതേസമയം, ആശ്വാസജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ നാലു മാറ്റങ്ങളുണ്ടായി. ടെബ്രായിസ് ഷംസി, കഗീസോ റബാഡ, ജെ.പി. ഡുമിനി, ഡേവിഡ് മില്ലർ എന്നിവർക്കു പകരം ക്രിസ് മോറിസ്, സോണ്ടോ, ഇമ്രാന്‍ താഹിർ, ബെഹാർ‍ദീൻ എന്നിവരായിരുന്നു ടീമിൽ.

related stories