റാസ്പുട്ടിൻ, ഒരു ദുര്‍മന്ത്രവാദിയുടെ മരണം

1912, റഷ്യയിലെ സാർ ചക്രവർത്തിയുടെ കൊട്ടാരം

രാജകുമാരന്‍ അലക്സേ ഒരു  അപകടത്തിൽപെട്ടു മുറിവേറ്റു കിടപ്പിലാണ്. രാജകുമാരനെ പരിശോധിച്ച ഡോക്ടർമാർ രക്തം കട്ടപിടിക്കാത്ത രോഗം (ഹീമോഫീലിയ) ബാധിച്ച രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്നു വിധിയെഴുതി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജകുടുംബാംഗങ്ങളോട് കൊട്ടാരത്തിലെ ചില ജീവനക്കാരാണ് റാസ്പുട്ടിനെക്കുറിച്ചു പറയുന്നത്. രാജകുടുംബാംഗങ്ങളിൽ ചിലർക്കും റാസ്പുട്ടിനെ പരിചയമുണ്ടായിരുന്നു. ഒരു സന്യാസിയായും മാന്ത്രികനായും അറിയപ്പെട്ടിരുന്ന അയാൾക്കു ദൈവികപരിവേഷമാണ് അനുയായികൾ ചാർത്തി കൊടുത്തിരുന്നത്. റാസ്പുട്ടിൻ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.

രാജകുമാരനെ പരിശോധിച്ചശേഷം അയാൾ ഒരു ചെറിയ വിഗ്രഹം രാജകുമാരന്റെ തലയിൽ വച്ചു. ഇരു തോളുകൾക്കു സമീപവും കാൽ ചു‌വട്ടിലും മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനയാരംഭിച്ച‌ു. ചക്രവർത്തിയും പത്നിയും മറ്റുള്ളവരും ഭയാശങ്കകളോടെ ഇതു നോക്കി നിന്നു. മൂന്നു മണിക്കൂർ നീണ്ട പ്രർത്ഥനയ്ക്കു ശേഷം റാസ്പുട്ടീൻ കണ്ണു തുറന്നു. രാജകുമാരൻ ഉടനെ എഴുന്നേൽക്കുമെന്നും മരണത്തിന്റെ നിഴൽ മാഞ്ഞുപോയെന്നും അയാൾ വ്യക്തമാക്കി.

അയാളുടെ വാക്കുകൾ ശരിയായി. രാജകുമാരൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഡോക്ടർമാരെപോലും അത്ഭുതപ്പെടുത്തിയ സംഭവമായി അതുമാറി. രാജകുമാരനെ രക്ഷിച്ച റാസ്പുട്ടിനു ദൈവികമായ ശക്തിയുണ്ടെന്നു രാജകുടുംബം വിശ്വസിച്ചു. ക്രമേണ അയാളുടെ ആരാധകരായി അവർ മാറി.

ചക്രവർത്തിയേയും പത്‍നിയേയും കുടുംബാംഗങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാൻ  കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നു തന്നോടു ദൈവം ആവശ്യപ്പെടുന്നതായി ചക്രവർത്തിയോടു റാസ്പുട്ടിൻ പറഞ്ഞു. ചക്രവർത്തിയും പത്‍നിയും സന്തോഷത്തോടെ ഈ ആവശ്യത്തെ സ്വീകരിച്ചു. അവർ എല്ലാവിധ സുഖസൗകര്യങ്ങളും നൽകി റാസ്പൂട്ടിനെ കൊട്ടാരത്തിൽ താമസിപ്പിച്ചു.

തീപാറുന്ന കണ്ണുകൾ,നീണ്ട താടി,  ഒത്ത ഉയരം. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന രൂപമായിരുന്നു റാസ്പുട്ടിന്റേത്. 1869ൽ സൈബീരിയയിലെ കർഷക ഗ്രാമമായ പൊക്രോവസ്കോയിൽ  ജനനം. ദരിദ്രകർഷകനും കുതിരവണ്ടിക്കാരനുമായിരുന്ന എഫിംനോവിച്ചിന്റേയും അന്നാ ഇഗറോവ്നയുടെയും മൂന്നു മക്കളിൽ ഇളയവനായിരുന്നു റാസ്പുട്ടിൻ. റാസ്പുട്ടിന് അഞ്ചുവയസുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. ഭാര്യയുടെ മരണത്തോടെ എഫിംനോവിച്ച് മദ്യത്തിന് അടിമയായി. കുടുംബത്തിന്റെ സാമ്പത്തികനില താറുമാറായി. റാസ്പുട്ടിനെ പിതാവ് ഗ്രാമത്തിലെ സ്കൂളിൽ ചേർത്തെങ്കിലും പഠനത്തിൽ അത്ര താൽപര്യം പ്രകടിപ്പിച്ചില്ല. കൃഷിയിലായിരുന്നു താൽപര്യം. 1897 മുതലാണ് മതപരമായ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. റാസ്പുട്ടിൻ  മതപരമായ കാര്യങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ചതിലും,തീർഥാടനത്തിനായി പുറപ്പെട്ടതിനും പിന്നിൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മോഷണകുറ്റം ആരോപിക്കപ്പെട്ടതാണ് അതിലൊന്ന്. അത്ഭുത സിദ്ധികളുള്ള സന്യാസിയുമായി പരിചയപ്പെടാനിടയായതാണു മറ്റൊരു കാരണമായി പറയുന്നത്. സന്യാസിയുമായി പരിചയപ്പെട്ട റാസ്പുട്ടിൻ അക്കാലത്തു പ്രസിദ്ധമായിരുന്ന വെർ‌ക്കോചുറി ആശ്രമത്തിലെത്തിച്ചേർന്നു. അവിടം വിട്ടശേഷം വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായി. 

തന്റെതായ അനുചരവൃന്ദത്തെ വളർത്തിയെടുക്കാൻ 1900 കളിൽ റാസ്പുട്ടിനു കഴിഞ്ഞു. അമാനുഷിക കഴിവുകൾ ഉണ്ടെന്ന വിശേഷണം ലഭിച്ചതോടെ റാസ്പുട്ടിൻ ശ്രദ്ധേയനായി. മാറാരോഗികളെ പ്രാർഥനയിലൂടെ രക്ഷിച്ചതായും,പ്രവചനങ്ങൾ സത്യമായി തീരുന്നതായും പ്രചാരണമുണ്ടായി. രാജകുമാരനെ രക്ഷിച്ചതോടെ അയാൾ റഷ്യയിലാകെ താരമായി മാറി.

ഭരണസഭയായ കോർട്ടിലെ ഏറ്റവും പ്രധാന വ്യക്തിയായി മാറാൻ റാസ്പുട്ടിനു കഴിഞ്ഞു. ഭരണത്തിന്റെ നിയന്ത്രണം റാസ്പുട്ടിനിലേക്കെത്തി. ഉദ്യോഗസ്ഥർ ആജ്ഞ അനുസരിക്കാനായി കാത്തുനിന്നു. ചിലർ റാസ്പുട്ടിന്റെ പ്രീതിപിടിച്ചുപറ്റുന്നതിനായി മദ്യം വിളമ്പി. ചിലർ സുന്ദരികളായ സ്ത്രീകളെ കാഴ്ചവച്ചു. രാജകുടുംബത്തിന്‍റെ വിശ്വാസ്യത നേടിയെടുത്തതോടെ അയാൾ ദിനംപ്രതി കൂടുതൽ ശക്തനായി. രാജകുടുംബം റാസ്പുട്ടിന്റെ കൈയ്യിലെ പാവയാകുകയാണെന്ന പ്രചാരണമുണ്ടായി. പ്രത്യേകിച്ചും രാജ്ഞി അലക്സാന്ദ്ര ഫെദോറോവ്ന. എന്നാൽ, റാസ്പുട്ടിനെ അന്ധമായി വിശ്വസിച്ചിരുന്ന രാജകുടുംബം ഇത്തരം പ്രചാരണങ്ങൾ മുഖവിലയ്ക്കെടുത്തില്ല. 

രാജകുടുംബത്തിനുമേൽ നിയന്ത്രണമുണ്ടായതോടെ റാസ്പുട്ടിന് കൂടുതൽ ആരാധകരുണ്ടായി. അയാൾക്കുവേണ്ടി എന്തും സമർപ്പിക്കാൻ തയ്യാറായി അവർ നിന്നു. പ്രഭുകുടുംബങ്ങളിലെ സ്ത്രീകളടക്കം റാസ്പുട്ടിന്റെ അനുയായികളായി. ദൈവികപരിവേഷമുള്ള മനുഷ്യനായാണ് അവർ റാസ്പുട്ടിനെ കണ്ടത്. കൂടുതൽ സുഖലോലുപനായി റാസ്പുട്ടിൻ അധികാരത്തിനു നടുവിൽ ജീവിച്ചു. മദ്യവും സ്ത്രീകളുമായിരുന്നു അയാളുടെ ജീവിത ലഹരി.

റാസ്പുട്ടിന്റെ വളർച്ച പ്രഭുക്കൻമാരെ അസ്വസ്ഥരാക്കി. റാസ്പുട്ടിനെ വിശ്വസിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകിയെങ്കിലും അയാളെ അന്ധമായി വിശ്വസിച്ചിരുന്ന രാജകുടുംബം അതെല്ലാം തള്ളിക്കളഞ്ഞു. റ‌ഷ്യൻ ജനതയും അസ്വസ്ഥരായിരുന്നു. പക്ഷേ, റാസ്പുട്ടിന്റെ മാസ്മരവലയത്തിൽപ്പെട്ടു പോയവര്‍ക്ക് അതിൽനിന്ന് പുറത്തുകടക്കാനായില്ല.

റാസ്പുട്ടിൻ റഷ്യൻ ഭരണത്തെ നിയന്ത്രിക്കുമ്പോൾ ചെറുപ്പക്കാരനായ ഒരു പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രഭുക്കന്മാർ റാസ്പുട്ടിനെ വധിക്കാനുളള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഫെലിക്സ് യൂസുപ്പോവ് എന്നായിരുന്നു ആ പ്രഭുകുമാരന്റെ പേര്. സാർ ചക്രവർത്തിയുടെ അടുത്ത ബന്ധു. റാസ്പുട്ടിനെ അയാൾ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. തന്റെ സുന്ദരിയായ ഭാര്യയ്ക്ക് റാസ്പുട്ടിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടിലേക്കു വരാമെന്നു റാസ്പുട്ടിൻ സമ്മതിച്ചു.

1914 ജൂൺ മാസത്തിൽ ഒരു സ്തീ റാസ്പുട്ടിനു നേരെ ആക്രമണം നടത്തിയിരുന്നു. ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ആക്രോശിച്ചാണു റാസ്പുട്ടിനെ അവർ ആക്രമിച്ചത്. വയറിൽ കുത്തേറ്റ റാസ്പുട്ടിൻ കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. റാസ്പുട്ടിനോട് അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പലപ്പോഴായി റാസ്പുട്ടിന് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഫെലിക്സ് യൂസുപ്പോവിന്റെ ക്ഷണം അറിഞ്ഞപ്പോഴും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. പക്ഷേ, റാസ്പുട്ടിൻ അതൊന്നും മുഖവിലയ്ക്കെടുത്തില്ല.

ഡിസംബർ 30, 1916

ഫെലിക്സ് യൂസുപ്പോവിന്റെ വീട്ടിലേക്കെത്തിയ റാസ്പുട്ടിനെ അയാളും സുഹൃത്തുക്കളും സ്വീകരിച്ചു. റാസ്പുട്ടിനായി പ്രത്യേകതരം മദ്യവും വരുത്തി. വീട്ടിലെത്തിയ ഉടനെ അയാൾ ആതിഥേയന്റെ ഭാര്യയെ കാണാനാഗ്രഹിച്ചു. അവർ മറ്റു ചില അതിഥികളെ സ്വീകരിക്കാൻ പോയിരിക്കുകയാണെന്നറിയിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ടു.

മദ്യത്തിൽ വിഷം കലർത്താനായിരുന്നു യൂസുപ്പോവ് പദ്ധതിയിട്ടത്. എന്നാൽ, പിന്നീടതു മാറ്റി റാസ്പുട്ടീനുവേണ്ടി കേക്ക് നിർമ്മിച്ചു. അതിൽ മാരകമായ വിഷം കലർത്തിയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായ റാസ്പുട്ടീൻ കേക്കു കഴിക്കാനാരംഭിച്ചു. കേക്കു മുഴുവൻ കഴിച്ചിട്ടും റാസ്പുട്ടിന് ഒരു ഭാവഭേദവും ഉണ്ടായില്ല. അയാളുടെ ശരീരത്തിൽ വിഷം ഏറ്റില്ല. മദ്യം വീണ്ടും വീണ്ടും കുടിച്ചിട്ടും അയാൾക്ക് സ്വബോധം നഷ്ടപ്പെട്ടില്ല.

റാസ്പുട്ടിന്‍ ആതിഥേയന്റെ ഭാര്യയെ അന്വേഷിക്കുന്നുണ്ടായിരുന്നു. വിഷം ഉളളിൽച്ചെന്ന് മരിക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാതായപ്പോൾ യൂസുപ്പോവിന് ക്ഷമ നശിച്ചു. ഭാര്യയെ വിളിക്കാനെന്ന വ്യാജേന ആ മുറിയിൽനിന്നും പുറത്തിറങ്ങിയ അയാൾ ഒരു കൈത്തോക്കുമായി മടങ്ങിവന്നു റാസ്പുട്ടിനു നേരെ നിറയൊഴിച്ചു.

അയാൾക്ക് അത്ഭുതസിദ്ധിയുണ്ടെന്നു വിശ്വസിച്ചിരുന്നതിനാൽ അവർ ശരീരം നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുദിവസത്തിനുശേഷമാണു റാസ്പുട്ടിന്റെ ശരീരം തണുത്തുറഞ്ഞ നദിയിൽനിന്ന് കണ്ടെടുക്കുന്നത്. രാജകുടുംബം എല്ലാ ബഹുമതികളോടും കൂടിയാണ് മൃതശരീരം മറവുചെയ്തത്. അവർ മരണത്തിൽ ദു:ഖാചരണം നടത്തി. ‌കൊലയ്ക്കു പിന്നിലെ ഉപചാപക സംഘത്തെ അറസ്റ്റു ചെയ്യാൻ സാര്‍ ചക്രവർത്തി ഉത്തരവിട്ടു. യൂസുപ്പോവും ചില സുഹൃത്തുക്കളും പിടിയിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും മറ്റു പ്രഭുക്കന്മാരിടപെട്ട് ശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. ബോൽഷെവിക് വിപ്ലവത്തെത്തുടർന്ന് 1917ൽ പാരീസിലേക്കുപോയ  ഫെലിക്സ് യൂസുപ്പോവ് എൻപതാം വയസുവരെ അവിടെ ഭാര്യയോടൊപ്പം ജീവിച്ചു.

റാസ്പുട്ടിന്റെ മരണം വിചിത്രമായ കഥകൾ നിറഞ്ഞതായിരുന്നു.  അനുയായികളും ചരിത്രകാരൻമാരുംഅതിൽ പുതിയ കഥകൾ കൂട്ടിച്ചേർത്തു. വെടിയേറ്റശേഷവും റാസ്പുട്ടിൻ മരിച്ചില്ല എന്നാണു പ്രചരിക്കുന്ന ഒരു കഥ. വിഷംകഴിച്ചിട്ടും,വെടിയേറ്റിട്ടും മരിക്കാത്ത അയാൾ നദിയിലെ കഠിനമായ തണുപ്പേറ്റതിനാലാണ്മരിച്ചതെന്നു പ്രചാരണമുണ്ടായി. എന്നാൽ, ആദ്യവെടിയിൽതന്നെ മരണം സംഭവിച്ചതായും ശ്വാസകോശത്തിൽ വെള്ളത്തിന്റെ സാന്നിധ്യമില്ലെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

തന്റെ മരണം റാസ്പുട്ടിൻ മുന്നിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ മകൾ മരിയ റാസ്പുട്ടിൻ വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി. ഫെലിക്സ് യൂസുപ്പോവ് വീട്ടിലേക്കു ക്ഷണിക്കുന്നതിലെ അപകടം ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നതായി മറിയ പറയുന്നു. ‘വളരെ വൈകിപ്പോയി’ എന്നായിരുന്നു റാസ്പുട്ടിന്റെ പ്രതികരണമത്രേ.

റാസ്പുട്ടിന്റെ മരണത്തോടെ സാർ ചക്രവർത്തിയുടെ കുടുംബത്തിനു തിരിച്ചടിയുടെ നാളുകളായിരുന്നു. ‘ഞാനില്ലെങ്കിൽ എല്ലാം നശിക്കുമെന്ന’ റാസ്പുട്ടിന്റെ പ്രവചനം ശരിയായി. 1918ൽ ബോൾഷെവിക്കുകൾ സാര്‍ ചക്രവർത്തിയിൽനിന്ന് ഭരണം പിടിച്ചെടുത്ത ശേഷം ആ കുടുംബത്തെ വധിച്ചു.