വിജയം ജയിൽ ടിവിയിൽ കണ്ട് ശശികല

ശശികല (ഫയല്‍ ചിത്രം)

തന്റെ പക്ഷം വിശ്വാസവോട്ടെടുപ്പിൽ ജയിക്കുന്നതു ബെംഗളൂരു ജയിലിലെ പൊതുടിവിയിൽ കണ്ട് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ഓരോ രംഗവും ശ്രദ്ധയോടെ വീക്ഷിച്ച അവർ നിയമസഭയിലെ ബഹളങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണു സൂചന. വിശ്വാസ വോട്ടെടുപ്പു കാണണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നതിനാൽ ജയിൽ അധികൃതർ അതിനു സൗകര്യമൊരുക്കുകയായിരുന്നു.

പളനിസാമി ശശികലയെ കാണാൻ ഉടൻ എത്തിയേക്കുമെന്ന സൂചനയെത്തുടർന്നു ജയിൽ പരിസരത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സയനൈഡ് മല്ലികയെന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച കെ. ഡി.കെംപമ്മയാണു ജയിലിൽ ശശികലയുടെ അയൽവാസി. ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി അവരെ സയനൈഡ് നൽകി കൊലപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്ന ഇവർ ഏഴു സ്ത്രീകളെയാണു വകവരുത്തിയത്.